തിരുവനന്തപുരം: ചരിത്രത്തെ തിരുത്തിയെഴുതുക മാത്രമല്ല, വിദ്യാഭ്യാസരംഗമാകെ കാവിവത്കരിക്കാനുള്ള ശ്രമമാണ് രാജ്യത്തു നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 77-ാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനു മുന്നോടിയായി നടന്ന, 'മതേതരത്വവും നവഭാരത നിര്‍മിതിയും' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്കാദമിക് സ്ഥാപനങ്ങളുടെ മതനിരപേക്ഷത ചോര്‍ത്തിക്കളയാനും വര്‍ഗീയത സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്. വര്‍ഗീയവിദ്വേഷം വിതറുന്ന രീതിയില്‍ സിലബസുപോലും പൊളിച്ചെഴുതുന്ന അപകടകരമായ അവസ്ഥയിലേക്കാണ് രാജ്യം പോകുന്നത്. മതവര്‍ഗീയ ശാസനത്തിനു കീഴില്‍ ഇന്ത്യയെയാകെ കൊണ്ടുവരാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനമാണ് സംഘപരിവാര്‍ നടത്തുന്നത്. അതിന്റെ ഭാഗമായി ചരിത്രത്തെ ഏകമുഖ ഹൈന്ദവ സംസ്‌കാരമായി വ്യാഖ്യാനിക്കാന്‍ ശ്രമം നടക്കുന്നു.

എന്‍.സി.ഇ.ആര്‍.ടി.യിലും ചരിത്ര കൗണ്‍സിലിലും നാഷണല്‍ ബുക് ട്രസ്റ്റിലും പുണെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലുമൊക്കെ വര്‍ഗീയശക്തികളെ കുത്തിനിറയ്ക്കുകയാണ്.

ശാസ്ത്രാവബോധം ഉള്‍ക്കൊള്ളാത്ത വാദഗതികളാണ് പ്രധാനമന്ത്രിപോലും അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിയമത്തിലും ഭരണത്തിലും മതം പിടിമുറുക്കുന്നതിനെ എതിര്‍ക്കുകയാണ് മതേതരത്വത്തിന്റെ കര്‍ത്തവ്യമെന്ന് അധ്യക്ഷതവഹിച്ച ചരിത്രകാരി റൊമില ഥാപ്പര്‍ പറഞ്ഞു. ദേശീയത, ജനാധിപത്യം എന്നിവയുമായി ബന്ധപ്പെട്ട മതേതരത്വം ആധുനിക ഇന്ത്യയുടെ നിര്‍മിതിയില്‍ നിര്‍ണായക പങ്കാണ് വഹിച്ചത് -അവര്‍ പറഞ്ഞു.

ജനാധിപത്യം എന്നത് അഞ്ചുവര്‍ഷത്തിലൊരിക്കല്‍ വോട്ടുചെയ്യാനുള്ള അവകാശം മാത്രമല്ലെന്നും ചോദ്യംചെയ്യാനുള്ള അവകാശംകൂടിയാണെന്നും രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ കെന്റംപെറെറി സ്റ്റഡീസ് മേധാവി ഡോ. മോഹന്‍ ഗോപാല്‍ പറഞ്ഞു. മഗ്‌സസെ പുരസ്‌കാരജേതാവ് ടി.എം.കൃഷ്ണ, കേരള സര്‍വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ ഡോ. എന്‍.വീരമണികണ്ഠന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ എ.എ.റഹീം, കെ.എസ്.ഗോപകുമാര്‍ എന്നിവരും സംസാരിച്ചു.