തി​രുവല്ല: പുഷ്പഗിരി മെഡിസിറ്റിയിലെ ഫാര്‍മസി കോളേജില്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഒരു വിദ്യാര്‍ഥി കൈത്തണ്ട മുറിച്ചു. രണ്ടുപേര്‍ ചാടിമരിക്കുമെന്ന ഭീഷണിയുമായി കോളേജ് കെട്ടിടത്തിന്റെ മുകളില്‍ കയറി. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബി.ഫാം. രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ചശേഷം കൈത്തണ്ട മുറിച്ചത്. ക്ലാസ് മുറിക്ക് സമീപത്തുെവച്ചാണ് സംഭവം.

അധ്യാപകര്‍തന്നെ വിദ്യാര്‍ഥിയെ ആശുപത്രിയിലെത്തിച്ചു. മുറിവ് സാരമുള്ളതല്ല. അഞ്ച് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇന്റേണല്‍ മാര്‍ക്ക് അകാരണമായി കുറച്ചുവെന്നും കുറിപ്പിലുണ്ട്. അധ്യാപകരുടെ പേരും എഴുതിയിരുന്നു. കാമ്പസില്‍ വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം ഇല്ലാത്തതും പരാമര്‍ശിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞ് പോലീസും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും എത്തി. ഇതിനിടെ രണ്ടാം വര്‍ഷത്തിലും നാലാം വര്‍ഷത്തിലും പഠിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ കോളേജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിലേക്ക് കയറി.
 
ആദ്യ വിദ്യാര്‍ഥിയുടേതിന് സമാനമായ ആരോപണമാണ് ഇരുവരും ഉന്നയിച്ചത്. മുകളിലെത്തിയ ഇരുവരും ഒന്നര മണിക്കൂറോളം താഴേക്ക് ചാടുമെന്ന ഭീഷണിയോടെ നിന്നു. മാനേജുമെന്റും പോലീസും എസ്.എഫ്.ഐ. നേതാക്കന്‍മാരും ചര്‍ച്ചനടത്തി. പിന്നീട് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം.സി.അനീഷ് കുമാര്‍ മുകളിലെത്തി കുട്ടികളെ അനുനയിപ്പിച്ചു. അധ്യാപകര്‍ക്കെതിരേ അന്വേഷണം നടത്തി നടപടിയെടുക്കാമെന്ന ഉറപ്പ് ലഭിച്ചതോടെ കുട്ടികള്‍ താഴെയിറങ്ങി.

വസ്തുതാവിരുദ്ധമെന്ന് മാനേജ്‌മെന്റ്

അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചു എന്നത് വസ്തുതാവിരുദ്ധമാണ്. ഇതുസംബന്ധിച്ച് ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. കൈത്തണ്ട മുറിച്ച കുട്ടി രണ്ട് മാസം മുമ്പ് ലാറ്ററല്‍ എന്‍ട്രി വഴിയാണ് കോളേജില്‍ എത്തിയത്. ഇവിടെവെച്ച് ഇയാള്‍ പരീക്ഷ എഴുതിയിട്ടില്ല. മാനസിക പീഡനം സംബന്ധിച്ച് ഇതുവരെ ആരും പരാതിയും നല്‍കിയിട്ടില്ല. ഫാര്‍മസിയില്‍ നാക് അംഗീകാരം കിട്ടിയ കേരളത്തിലെ ഏക സ്ഥാപനമാണ് പുഷ്പഗിരി. ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയെ നിയോഗിച്ചതായി പുഷ്പഗിരി സി.ഇ.ഒ. ഫാ.ഷാജി മാത്യൂസ് വാഴയില്‍ അറിയിച്ചു.