നെടുമ്പാശ്ശേരി: സൈക്കിൾ നന്നാക്കാനെത്തിയ ശേഷം താനറിയാതെ തന്റെ ദൃശ്യങ്ങൾ പകർത്തിയ ആളെ 13 വയസ്സുകാരി പിടികൂടി പോലീസിന് കൈമാറി.

നാടൻപാട്ട് കലാകാരൻ കൂടിയായ നെടുമ്പാശ്ശേരി നായത്തോട് പതിക്കൽക്കുടി വീട്ടിൽ രതീഷ് (40) ആണ് അറസ്റ്റിലായത്.

മെക്കാനിക്കായ രതീഷ് പെൺകുട്ടിയുടെ വീട്ടിൽ സൈക്കിൾ റിെപ്പയറിങ്ങിനാണ് എത്തിയത്. പെൺകുട്ടിയോട് ഇയാൾ സൈക്കിളിന് കാറ്റടിക്കാൻ ആവശ്യപ്പെട്ടു. ക്യാമറ ഓണാക്കിയ ശേഷം പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങൾ പതിയുംവിധം ഇയാൾ മൊബൈൽ ഫോൺ നിലത്ത് ചരിച്ച് വെക്കുകയായിരുന്നു.

ഫോണിൽ പ്രകാശം കണ്ട് സംശയം തോന്നിയ പെൺകുട്ടി കാര്യം തിരക്കുകയും ഫോൺ ആവശ്യപ്പെടുകയും ചെയ്തു. ഇയാൾ ഫോൺ കൈമാറിയില്ല. തുടർന്ന് മൽപിടിത്തത്തിലൂടെ പെൺകുട്ടി ഫോൺ കൈക്കലാക്കി പിതാവിനോട് കാര്യം പറഞ്ഞു. ഫോൺ പരിശോധിച്ചപ്പോൾ ദൃശ്യങ്ങൾ കണ്ടെത്തി. തുടർന്ന് നെടുമ്പാശ്ശേരി പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു. രതീഷിന്റെ ഫോണിൽ ഇത്തരത്തിലുള്ള വേറെ ദൃശ്യങ്ങളും കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു.