തിരൂരങ്ങാടി: കൊടിഞ്ഞിയിലെ പുല്ലാണിയില്‍ ഫൈസലി(32)നെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ അറസ്റ്റുചെയ്തതായി മലപ്പുറം ഡിവൈ.എസ്.പി. പി.പ്രദീപ് തിരൂരങ്ങാടി പോലീസ്സ്‌റ്റേഷനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വിമുക്തഭടനടക്കമുള്ള ഹിന്ദു സംഘടനാ പ്രവര്‍ത്തകരും കൊല്ലപ്പെട്ട ഫൈസലിന്റെ അടുത്ത ബന്ധുക്കളുമാണ് അറസ്റ്റിലായതെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലപ്പെട്ട ഫൈസലിന്റെ സഹോദരീഭര്‍ത്താവ് കൊടിഞ്ഞിയിലെ പുല്ലാണി വിനോദ് (39), വിമുക്തഭടനും ഹിന്ദുസംഘടനാ പ്രവര്‍ത്തകനുമായ പരപ്പനങ്ങാടിയിലെ കോട്ടയില്‍ ജയപ്രകാശ് (50), ഫൈസലിന്റെ അമ്മാവന്റെ മകന്‍ കൊടിഞ്ഞി ഫാറൂഖ് നഗറിലെ പുല്ലാണി സജീഷ് (32), കൊടിഞ്ഞി സ്വദേശികളും സഹോദരങ്ങളുമായ പുളിക്കല്‍ ഷാജി (39), പുളിക്കല്‍ ഹരിദാസന്‍ (30) എന്നിവരും കൊടിഞ്ഞി ചുള്ളിക്കുന്നിലെ ചാനത്ത് സുനി (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയില്‍ ഡ്രൈവിങ് പരിശീലനസ്ഥാപനം നടത്തുന്ന തൃക്കുളം പാലത്തിങ്ങലിലെ തയ്യില്‍ ലിജീഷ് (ലിജു-27) എന്നിവരുമാണ് അറസ്റ്റിലായത്.

കൊലപാതകം നടത്തുന്നതിനായി ഗൂഢാലോചന നടത്തിയവരും സഹായംചെയ്തുകൊടുത്തവരുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കൃത്യം നടത്തുന്നതില്‍ നേരിട്ടുപങ്കെടുത്ത മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ അറസ്റ്റുചെയ്യുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍നിന്നായാണ് അന്വേഷണസംഘം ഇവരെ പിടികൂടിയത്.
 
ഫൈസലിന്റെ കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നത്: കൊടിഞ്ഞിയിലെ അനില്‍ കുമാര്‍ (ഉണ്ണി) കഴിഞ്ഞ മെയ് മാസത്തില്‍ ഗള്‍ഫില്‍വെച്ച് ഇസ്ലാംമതം സ്വീകരിച്ച് ഫൈസല്‍ എന്ന പേര് സ്വീകരിച്ചു. ജൂലായില്‍ നാട്ടിലെത്തിയ ഫൈസല്‍ ഭാര്യയെയും മൂന്ന് മക്കളെയും മതംമാറ്റി. ഇദ്ദേഹത്തിന്റെ സഹോദരിയേയും മതംമാറ്റുമെന്ന് ഭയന്ന സഹോദരീഭര്‍ത്താവ് വിനോദ് ഹിന്ദുസംഘടനയിലെ പ്രാദേശികനേതാക്കന്മാരായ പുളിക്കല്‍ ഹരിദാസന്‍, പുളിക്കല്‍ ഷാജി, ചാനത്ത് സുനി, പുല്ലാണി സജീഷ് എന്നിവരെ സമീപിക്കുകയായിരുന്നു.

പ്രദേശികനേതാക്കള്‍ പരപ്പനങ്ങാടിയിലെ സംഘടനാനേതാക്കന്മാരെ വിവരമറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞ മേയ്മാസത്തിലെ ഒരു രാത്രിയില്‍ ഷാജി, സജീഷ്, സുനി, വിനോദ്, പ്രദീപ്, ഹരിദാസന്‍ എന്നിവരും പരപ്പനങ്ങാടിയിലെ സംഘടനാനേതാവ് ജയപ്രകാശും ചേര്‍ന്ന് നന്നമ്പ്രയിലെ മേലേപ്പുറം എന്ന സ്ഥലത്ത് ഒത്തുചേര്‍ന്ന് കൃത്യം നടത്തുന്നതിനായി ഗൂഢാലോചന നടത്തി. ഈ വിവരം തിരൂരിലുള്ള പ്രമുഖ സംഘടനാനേതാവിനെ അറിയിക്കുകയും ചെയ്തു.

ഇയാളുടെ നിര്‍ദേശപ്രകാരം മൂന്നുപേര്‍ കൊല്ലപ്പെട്ട ഫൈസല്‍ താമസിക്കുന്ന കൊടിഞ്ഞി പാലാപാര്‍ക്ക് എന്നസ്ഥലത്ത് ഇക്കഴിഞ്ഞ 19ന് പുലര്‍ച്ചെ 4.55ന് എത്തി. ബന്ധുക്കളെ കൂട്ടിക്കൊണ്ടുവരുന്നതിനായി താനൂര്‍ െറയില്‍വേസ്റ്റേഷനിലേക്ക് ഓട്ടോറിക്ഷയില്‍ പുറപ്പെട്ട ഫൈസലിനെ പിന്തുടര്‍ന്ന സംഘം ഫാറൂഖ് നഗറില്‍ തടഞ്ഞുനിര്‍ത്തി മാരകായുധമുപയോഗിച്ച് വെട്ടി ക്കൊലപ്പെടുത്തി.
ഫൈസല്‍ പുലര്‍െച്ച റെയില്‍വേസ്റ്റേഷനിലേക്ക് പോകുന്ന കാര്യം സംഘത്തിന് വിവരംനല്‍കിയത് തയ്യില്‍ ലിജീഷ് എന്ന ലിജുവാണ്. കൃത്യംനടത്തിയ പ്രതികളെ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.