തിരൂര്‍: അഞ്ചുവര്‍ഷത്തെ സേവനത്തിനുശേഷം കെ. ജയകുമാര്‍ മലയാളസര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയില്‍നിന്ന് വിരമിച്ചു. ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷ ടൈറ്റസിനാണ് വി.സിയുടെ താത്കാലിക ചുമതല. ബുധനാഴ്ച സര്‍വകലാശാലയില്‍ അധ്യാപക, അനധ്യാപക ജീവനക്കാരും വിദ്യാര്‍ഥികളും ചേര്‍ന്ന് ജയകുമാറിന് യാത്രയയപ്പുനല്‍കി.

'മലയാളസര്‍വകലാശാല: സമീപനവും സ്വരൂപവും' എന്നപേരില്‍ ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ രൂപരേഖയനുസരിച്ചാണ് തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വകലാശാല 2012 നവംബറില്‍ തിരൂരില്‍ വരുന്നത്. അദ്ദേഹംതന്നെ അതിന്റെ പ്രഥമ വി.സിയായി നിയമിക്കപ്പെടുകയുംചെയ്തു.

ടി.എം.ജി. കോളേജിന്റെ സ്ഥലത്തെ അഞ്ചേക്കറില്‍ 'അക്ഷരം' എന്നപേരില്‍ ആരംഭിച്ച സര്‍വകലാശാലയ്ക്ക് ചുരുങ്ങിയകാലം കൊണ്ടുതന്നെ ഒരു മേല്‍വിലാസമുണ്ടാക്കിക്കൊടുക്കാന്‍ ജയകുമാറിനു കഴിഞ്ഞു. ഒക്ടോബര്‍ 30-നാണ് അദ്ദേഹം രേഖാമൂലം വിരമിക്കേണ്ടതെങ്കിലും അമേരിക്കന്‍ പര്യടനമുള്ളതുകൊണ്ട് നേരത്തേയാക്കുകയായിരുന്നു.