ആലപ്പുഴ: സ്‌കൂൾ തുറക്കുമ്പോൾ ഉച്ചഭക്ഷണവിതരണം തത്കാലം ഉണ്ടാകില്ലെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്താണിത്. പകരമായി അലവൻസ് നൽകുന്നതു പരിഗണിക്കും. യൂണിഫോം നിർബന്ധമാക്കില്ല.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾ ഉടൻ സ്കൂളിലേക്കു വരേണ്ടതില്ല. കുട്ടിയുടെ ആരോഗ്യനിലയിൽ സംശയമുണ്ടെങ്കിൽ സ്കൂളിലേക്കു വിടാതിരിക്കാൻ രക്ഷിതാക്കൾക്കു പൂർണ സ്വാതന്ത്ര്യമുണ്ടാകും.

ഒരു െബഞ്ചിൽ രണ്ടുകുട്ടികളെ വീതമേ ഇരുത്തൂ. ഓട്ടോറിക്ഷയിൽ രണ്ടുകുട്ടികളെ മാത്രമേ കയറ്റാവൂ എന്നു തൊഴിലാളിസംഘടനകളെ ബോധ്യപ്പെടുത്തും. കൂടുതൽ കുട്ടികളുള്ള സ്കൂളിന്റെ പരിസരത്തുകൂടി കെ.എസ്.ആർ.ടി.സി.സർവീസ് നടത്തുന്നതു ഗതാഗതവകുപ്പുമായി ചർച്ച ചെയ്യും. ഉച്ചവരെ സ്കൂളിലെപഠനവും അതിനുശേഷം ഓൺലൈൻ ക്ലാസുമാണു തീരുമാനിച്ചിട്ടുള്ളത്.

കുട്ടികളെത്തും മുൻപും ശേഷവും സ്കൂൾ അണുവിമുക്തമാക്കും. ഓരോ ക്ലാസ് മുറിക്കു മുൻപിലും സോപ്പും വെള്ളവും അണുനാശിനിയും ഉണ്ടാകും. ശരീരോഷ്മാവ്, ഓക്സിജന്റെ അളവ് എന്നിവ പരിശോധിക്കുന്നതിനുള്ള സൗകര്യമൊരുക്കും.

കുട്ടികൾ കൂട്ടംകൂടാതിരിക്കുന്നതിനുള്ള ക്രമീകരണമുണ്ടാകും. മൂത്രപ്പുരകളിൽ തിരക്കു നിയന്ത്രിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകർ, അനധ്യാപകർ, ഡ്രൈവർമാർ, വീട്ടുകാർ എന്നിവർക്കുള്ള വാക്സിനേഷൻ പൂർത്തിയാക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി പി.ടി.എ. യോഗം ചേർന്നു നടപടി സ്വീകരിക്കും. സംസ്ഥാനതലത്തിൽ മന്ത്രിതലസമിതിയുണ്ടാകും. വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം, തദ്ദേശം വകുപ്പുകളാണു പ്രധാനമായും ഉൾപ്പെടുക. ജില്ലാതലത്തിൽ കളക്ടർ, എം.എൽ.എ.മാർ, വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെട്ട സമിതിയും പ്രവർത്തിക്കും. രാഷ്ട്രീയപ്പാർട്ടികളുടെയും വിദ്യാർഥിസംഘടനകളുടെയും സഹായം തേടും.

bbആത്മവിശ്വാസത്തിലെന്നു മന്ത്രി

bb

എസ്.എസ്.എൽ.സി., പ്ലസ്ടു, പ്ലസ് വൺ പരീക്ഷ നടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് സ്കൂൾ തുറക്കുന്നത്. 47 ലക്ഷം വിദ്യാർഥികളാണുള്ളത്. പ്രവേശനവുമായി ബന്ധപ്പെട്ട കരടുരേഖ പൊതു അഭിപ്രായത്തിനു വിട്ടിരിക്കുകയാണ്. ഉച്ചവരെ സ്കൂൾ പ്രവർത്തിപ്പിക്കുക, വിദ്യാർഥികളെ രണ്ടുവിഭാഗമായി തിരിച്ച് ഒാരോ ആഴ്ചയും ക്ളാസെടുക്കുക എന്നീ നിർദേശങ്ങളാണു വന്നിട്ടുള്ളത്. കൂടുതൽ അഭിപ്രായങ്ങൾ ഇനിയും സ്വീകാര്യമാണമെന്നു മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ എം.എൽ.എ.മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരും പങ്കെടുത്തു.

പാഠ്യപദ്ധതി ഉടൻ പരിഷ്‌കരിക്കും

പാഠ്യപദ്ധതി സമഗ്രമായി പരിഷ്കരിക്കുമെന്നു മന്ത്രി അറിയിച്ചു. തൊഴിലധിഷ്ഠിതവിഷയങ്ങൾ ചേർത്താണു പരിഷ്കരണം. ഇതിനായി എസ്.സി.ഇ.ആർ.ടി.യുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടാക്കും.

സ്ത്രീസമത്വം, സ്ത്രീധനം, ഭരണഘടന, മതേതരത്വം, പരിസ്ഥിതി, ശുചിത്വം, കായികം ഉൾപ്പെടെയുള്ള വിഷയങ്ങൾകൂടി ഉൾപ്പെടുത്തിയാകും പരിഷ്കരണം. ഒരുവർഷം കൊണ്ടുതന്നെ ഇതു നടപ്പാക്കും- മന്ത്രി പറഞ്ഞു.