മലപ്പുറം: ജില്ലയിൽ നിപ വൈറസ് ബാധ സംശയിച്ച് അവസാനമായി പരിശോധനയ്ക്ക് അയച്ച നാല് വ്യക്തികളുടെ സാമ്പിളുകൾ നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയിൽ നിപ വൈറസ് സംശയിക്കുന്ന ഒരു കേസും ഇല്ലെന്ന് ഉറപ്പായി.

ജില്ലയിൽ നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ കളക്ടർ അമിത് മീണ ജില്ലാ പോലീസ് മേധാവിക്ക് നിർദേശംനൽകി. കളക്ടറേറ്റിൽനടന്ന നിപ അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തത്.

പുത്തനത്താണിയിൽ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടർക്കെതിരേയാണ് പരാതി. നിപ വൈറസ് രോഗത്തിന് ഹോമിയോയിൽ മരുന്ന് ലഭ്യമാണെന്ന് പറഞ്ഞാണ് അദ്ദേഹം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. വാട്‌സ് ആപ്‌, യൂ ട്യൂബ്, വോയ്‌സ് മെസേജ് തുടങ്ങിയവ വഴിയാണ് പ്രചാരണം നടത്തുന്നത്.

താനൂർ മുക്കോല അംബേദ്കർ കോളനിയിൽ നിപ വൈറസ് ബാധിച്ചിട്ടുണ്ടന്നും ഇവരെ ഒറ്റപ്പെടുത്തണമെന്ന രീതിയിൽ വാട്‌സ്‌ ആപ്പ്‌ പ്രചാരണം നടത്തിയവർക്കെതിരേ നടപടി സ്വീകരിക്കാനും നിർദേശിച്ചു. ഈ കോളനിയിൽ നിന്നുള്ള ചിലർ നിപ ബാധിച്ചു മരിച്ച ഒരു വീട്ടിൽ പോയതായി പറയുന്നതാണ് പ്രചാരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

അങ്കണവാടികൾവഴി കുഷ്ഠം ടി.ബി. തുടങ്ങിയവ ബാധിച്ച രോഗികൾക്ക് നൽകുന്ന മരുന്നുകളുടെ വിതരണം നിലച്ചതായി പരാതിയുണ്ടായി. അങ്കണവാടികൾ അടച്ചതോടെ ജീവനക്കാർ വരാതായതാണ് കാരണം.

രോഗികൾക്ക് അവരുടെ വീടുകളിൽ പോയി മരുന്നുകൾ വിതരണം നടത്തുന്നതിന് നടപടി സ്വീകരിക്കാൻ സാമൂഹികനീതി ജില്ലാ ഓഫീസർക്ക് കളക്ടർ നിർദേശം നൽകി. ഡെങ്കി റിപ്പോർട്ട് ചെയ്ത മേഖലയിൽ ആരോഗ്യവകുപ്പ് ഫോഗിങ് പ്രവർത്തനം തുടങ്ങി.

എൻ.എച്ച്.എം. ജില്ലാ മാനേജർ ഡോ. എ. ഷിബുലാൽ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. മുഹമ്മദ് ഇസ്മായിൽ, ഡോ. കെ. പ്രകാശ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.