കൂത്തുപറമ്പ്: പരീക്ഷാഹാളിൽ ക്ലോക്കില്ലാത്തതിനെ‌ത്തുടർന്ന് സമയമറിയാൻ വഴിയില്ലാതെ പി.എസ്.സി. ഉദ്യോഗാർഥികൾ വട്ടംകറങ്ങി. ശനിയാഴ്ച നടന്ന ബിരുദതല പ്രാഥമികപരീക്ഷ എഴുതിയവരെയാണ് കടുകട്ടി ചോദ്യങ്ങൾ നൽകിയതിനൊപ്പം ഹാളിൽ ക്ലോക്കും നൽകാതെ പി.എസ്.സി. വെള്ളം കുടിപ്പിച്ചത്.

കോപ്പിയടിവിവാദം ഉയർന്നതിനെത്തുടർന്നാണ് പരീക്ഷാഹാളിൽ ഉദ്യോഗാർഥികൾ വാച്ച് ഉപയോഗിക്കുന്നത് പി.എസ്.സി. വിലക്കിയത്. പകരം ഹാളിൽ ക്ലോക്ക് വെക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ നിരവധി പരീക്ഷകൾ കഴിഞ്ഞിട്ടും പരീക്ഷാകേന്ദ്രങ്ങളിൽ മണി മുഴക്കുന്നതല്ലാതെ ക്ലോക്ക് വെക്കാൻ പി.എസ്.സി. തയ്യാറാകുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.

ഒന്നേക്കാൽ മണിക്കൂറുള്ള ബിരുദതല പ്രാഥമികപരീക്ഷയ്ക്ക് കണക്കിൽ നിന്നുള്ള 20 ചോദ്യങ്ങൾക്കുപുറമെ പ്രസ്താവന രൂപത്തിലുള്ള നിരവധി ചോദ്യങ്ങളുമുണ്ടായിരുന്നു. പതിവുചോദ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഉത്തരം കണ്ടെത്താൻ സമയം കൂടുതൽവേണ്ട ഇത്തരം ചോദ്യങ്ങളും വന്നതോടെ ഉദ്യോഗാർഥികൾ വെട്ടിലായി. ഹാളിൽ ക്ലോക്കില്ലാത്തതിനാൽ പലർക്കും സമയക്രമം പാലിക്കാനും കഴിഞ്ഞില്ല. ചില പരീക്ഷാകേന്ദ്രങ്ങളിൽ നിശ്ചയിച്ച സമയങ്ങളിൽ മണി മുഴക്കിയില്ലെന്നും പരാതിയുണ്ട്.

ചില കേന്ദ്രങ്ങളിലെ ഹാളുകളിലെ ഫാൻ പ്രവർത്തിച്ചില്ല. ഉച്ചവെയിലിൽ തളർന്നെത്തിയ ഉദ്യോഗാർഥികൾക്ക് കുടിവെള്ളസൗകര്യവും ഒരുക്കിയില്ല. നവംബർ 13-നാണ് ബിരുദതല പ്രാഥമികപരീക്ഷയുടെ രണ്ടാംഘട്ടം. തുടർന്നുള്ള ദിവസങ്ങളിൽ എസ്.എസ്.എൽ.സി., പ്ലസ്‌ടു മെയിൻപരീക്ഷകളും നടക്കും. ഈ പരീക്ഷകളിലെങ്കിലും ഹാളിൽ ക്ലോക്ക് വെക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നു.