പാലക്കാട്: കോവിഡ് ഭേദമായവർക്ക് ആരോഗ്യ ഇൻഷുറൻസ് പോളിസിയെടുക്കാൻ കടമ്പകളേറെ. അധിക പ്രീമിയം നൽകുന്നതിനൊപ്പം ശ്വാസകോശം, ഹൃദയം, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങൾക്ക് ഗുരുതര പ്രശ്നങ്ങളില്ലെന്ന പരിശോധനാ സർട്ടിഫിക്കറ്റ് നൽകിയാലേ പോളിസിയെടുക്കാൻ കഴിയൂ. നേരത്തേ നെഗറ്റീവായി മൂന്നുമാസത്തിനുശേഷം രോഗിയുടെ ആരോഗ്യാവസ്ഥ പരിശോധിച്ച് പോളിസി എടുക്കാമായിരുന്നു.

കോവിഡിന്റെ പാർശ്വഫലങ്ങൾ എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തമാകാത്തതിനാൽ നെഗറ്റീവായി ആറുമാസം കഴിഞ്ഞ് പുതിയ പോളിസി അനുവദിച്ചാൽമതിയെന്ന രീതിയിലേക്ക് ചട്ടം മാറ്റുകയാണെന്നും ഇൻഷുറൻസ് അധികൃതർ പറഞ്ഞു.

കോവിഡ് നെഗറ്റീവായശേഷം ആറുമാസംവരെ ‘കൂൾ ഓഫ് പീരീഡാ’യാണ് ചില ഇൻഷുറൻസ് കമ്പനികൾ കണക്കാക്കുന്നത്. ഇക്കാലയളവിൽ രോഗികളിൽ ചിലർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. ശ്വാസകോശം, ഹൃദയം, വൃക്ക തുടങ്ങിയ അവയങ്ങൾക്ക് സ്ഥിര വൈകല്യങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നെഗറ്റീവായി ആറുമാസം പിന്നിടുമ്പോഴും ഇത്തരം അസുഖങ്ങൾ നിലനിൽക്കുന്നുവെങ്കിൽ അതിന്റെ തോതനുസരിച്ച് പ്രീമിയത്തിൽ 20-30 ശതമാനം വർധനയുണ്ടാകും. എത്ര അവയവങ്ങളെ കോവിഡ് ബാധിച്ചെന്ന് വിലയിരുത്തിയാകും അധികപ്രീമിയം ഈടാക്കുകയെന്ന് ഇൻഷുറൻസ് കമ്പനി വൃത്തങ്ങൾ പറഞ്ഞു.