കൊല്ലം: തിരുവനന്തപുരത്തെ കോണ്‍വെന്റില്‍ താമസിച്ചുപഠിക്കുന്ന പതിന്നാലുകാരി അവധിക്ക് രക്ഷിതാക്കളോടൊപ്പം താമസിക്കാനെത്തിയപ്പോള്‍ കുരുങ്ങിയത് അച്ഛന്റെ മദ്യപരായ കൂട്ടുകാരുടെ വലയില്‍. തെന്‍മലയില്‍നിന്ന് 14 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് അതിര്‍ത്തിയിലെ പുളിയറയില്‍ എത്തിയപ്പോഴാണ് കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിനിരയായത്. കുട്ടിയുടെ മാതാപിതാക്കളുടെ മൗനാനുവാദത്തോടെയായിരുന്നു പീഡനം.

തമിഴ്‌നാട്ടിലും കേരളത്തിലും പലയിടത്തായി പീഡനത്തിനിരയായ കുട്ടി ഇപ്പോള്‍ കൊല്ലത്തെ അഭയകേന്ദ്രത്തിലാണുള്ളത്. കേസില്‍ അറസ്റ്റിലായ നെടുമങ്ങാട് വിദുര തടത്തരികത്ത് വീട്ടില്‍ സജി (29), കുട്ടിയുടെ അമ്മ എന്നിവരെ പുനലൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. പ്രതികളായ കുറുപ്പുസ്വാമി, പത്തനംതിട്ട സ്വദേശി അജിത്ത്, കുട്ടിയുടെ അച്ഛന്‍ എന്നിവര്‍ ഒളിവിലാണ്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്ത് കുറേക്കാലം ആര്യന്‍കാവ് കുളിര്‍കാട്ടില്‍ കന്നുകാലിഫാം നടത്തിയിരുന്നു. ഇവര്‍ തമിഴ്‌നാട്ടിലുണ്ടെന്നാണ് സൂചന.

സജിയാണ് ഒന്നാം പ്രതി. അജിത്ത് രണ്ടാം പ്രതിയും. കുട്ടിയുടെ അമ്മ, അച്ഛന്‍ എന്നിവര്‍ മൂന്നും നാലും പ്രതികളാണ്. അഞ്ചാം പ്രതിയാണ് കുറുപ്പുസ്വാമി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 (ബലാല്‍സംഗം), 354, 372, 373 വകുപ്പുകളും പോക്‌സോയുടെ 3എ, 4, 5എല്‍, എം, എന്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സംഭവത്തില്‍ മൂന്നു കേസാണെടുത്തിട്ടുള്ളത്.

കുട്ടിയുടെ മാതാപിതാക്കള്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ പുളിയറയിലെ കന്നുകാലിഫാമില്‍ ജോലിചെയ്യുകയാണ്. ഫാമിലെ ഷെഡ്ഡിലാണ് താമസം. തമിഴ്‌നാട്ടുകാരന്റേതാണ് ഫാമെങ്കിലും നടത്തിപ്പ് അടൂര്‍ സ്വദേശിയാണ്. കേസിലെ പ്രതികളെല്ലാം ഫാമിലെ നിത്യസന്ദര്‍ശകരും കുട്ടിയുടെ അച്ഛന്റെകൂടെ മദ്യപിക്കുന്നവരുമാണ്. ചിലര്‍ക്ക് കുട്ടിയുടെ അമ്മയുമായി വഴിവിട്ട ബന്ധമുള്ളതായും പറയപ്പെടുന്നു.

നെടുമങ്ങാട്ട് അമ്മൂമ്മയുടെ കൂടെയായിരുന്നു കുട്ടി ആദ്യം താമസിച്ചിരുന്നത്. അവിടം സുരക്ഷിതമല്ലെന്നുകണ്ട് ചില ബന്ധുക്കള്‍ കോണ്‍വെന്റിലേക്ക് മാറ്റി. അവധിക്കാണ് രക്ഷിതാക്കള്‍ക്കടുത്തെത്തിയത്. കുട്ടിക്ക് ഒരു സഹാദരനുണ്ട്. ആ കുട്ടി ഫാം ഉടമയുടെകൂടെ താമസിച്ച് എന്തോ ജോലിയെടുക്കുന്നു എന്നാണറിയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ച 11 മണിയോടെയാണ് കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന് തെന്‍മല പോലീസില്‍ പരാതി നല്‍കാനെത്തിയത്. തലേന്ന് കുട്ടിയുടെ കൊച്ചച്ഛന്‍ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി എന്നും ഇതുവരെ വന്നില്ലെന്നുമായിരുന്നു പരാതി. പുളിയറ പോലീസ് സ്റ്റേഷനില്‍ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും അവര്‍ അറിയിച്ചു. പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തി വിട്ടയച്ചു. എന്നാല്‍, പിറ്റേന്ന് പോലീസ് സ്റ്റേഷനിലെത്തിയ അമ്മ, മകള്‍ തിരിച്ചുവന്നെന്നും പരാതി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. പോലീസ് കുട്ടിയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന പീഡനവിവരങ്ങള്‍ പുറത്തുവന്നത്.