തേനി: കടുപ്പമേറിയ ഒരു 'വനിതാദിനാഘോഷം'. കൊളുക്കുമലയിലെ ഉയരത്തിലേക്കു കയറുമ്പോള്‍ ചെന്നൈ ട്രക്കിങ് ക്ലബ് ആഗ്രഹിച്ചത് അതായിരുന്നു. എന്നാല്‍, ആഘോഷത്തിമിര്‍പ്പില്‍ കാടിന്റെ ഭംഗി ആസ്വദിച്ചുനടന്ന അവര്‍ക്ക് കൊളുക്കുമല കരുതിവെച്ചത് ഒരിക്കലും മറക്കാനാകാത്ത വേദനയായിരുന്നു.

ഫെബ്രുവരി ഏഴിനാണ് ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും വെബ്‌സൈറ്റിലും ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ കൊടുമുടിയായ കൊളുക്കുമലയിലേക്ക് ട്രക്കിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ വന്നത്. വനിതാദിനം സാഹസികമാക്കുക എന്നതായിരുന്നു ലക്ഷ്യം. പരമാവധി 20 പേര്‍ക്കായിരുന്നു രജിസ്‌ട്രേഷന്‍ സൗകര്യം; 1500 രൂപാ രജിസ്‌ട്രേഷന്‍ ഫീസും.

സന്തോഷത്തോടെ തുടക്കം

39 പേര്‍. ശനിയാഴ്ച കൊളുക്കുമലയില്‍ ഇവരെത്തി, രാത്രി താമസിച്ചു. 25 വനിതകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളും. ശനിയാഴ്ച തമിഴ്‌നാട്ടിലെ കൊരങ്ങിണിയില്‍നിന്നു ചെങ്കുത്തായ മലമ്പാതകളിലൂടെ കൊളുക്കുമലവഴി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക്. മൂന്നുപേര്‍ നടക്കാനാകാത്തതിനാല്‍ സൂര്യനെല്ലിയിലേക്കു തിരികെപ്പോയി.

കൊരങ്ങിണിയില്‍നിന്നു വളഞ്ഞുപുളഞ്ഞുള്ള വഴികളിലൂടെയാണ് മുകളിലേക്കു കയറുന്നത്. എങ്ങോട്ടുതിരിഞ്ഞു നോക്കിയാലും അതിമനോഹരമായ കാഴ്ചകള്‍. കാട്ടാനയും കാട്ടുപോത്തും മറ്റു വന്യമൃഗങ്ങളും ഉള്ളയിടം. സാഹസിക ട്രക്കിങ് നടത്തുന്നവര്‍ക്ക് ഏറെ പ്രിയപ്പെട്ടിടം. കുത്തനെയുള്ള ഇറക്കം, ചരല്‍പ്പാതകള്‍.

ബ്രിട്ടീഷ് ഭരണകാലത്ത് മൂന്നാര്‍ ടോപ് സ്റ്റേഷനില്‍നിന്ന് റോപ്പ്വേ ലാന്‍ഡ് ചെയ്തിരുന്നിടമാണ് സെന്‍ട്രല്‍ സ്റ്റേഷന്‍. കൊളുക്കുമല തേയിലഫാക്ടറിയുടെ സമീപം ശനിയാഴ്ച രാത്രി ടെന്റടിച്ചു കിടന്നെന്നാണു കരുതുന്നതെന്ന്, തിരച്ചിലിനു മേല്‍നോട്ടം വഹിച്ച മൂന്നാര്‍ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇവിടെനിന്നു ട്രക്കിങ്ങിനെത്തിയ സഞ്ചാരികള്‍ ഞായറാഴ്ച നടന്നിറങ്ങി.

തീയില്‍ കുളിച്ച ഒറ്റമരം

കൊരങ്ങിണി മലയില്‍ സാഹസികസഞ്ചാരത്തിനെത്തുന്നവര്‍ക്കു പ്രിയപ്പെട്ടതാണ് വലിയ കാട്ടുമരം നില്‍ക്കുന്നിടം. നിറയെ കുറ്റിക്കാടുകള്‍ മാത്രമുള്ള ഈ ഒറ്റമരത്തിനടുത്താണ് കൂടെയുള്ളവര്‍ക്കായി കാത്തുനില്‍ക്കുന്നത്. തിരികെയിറങ്ങുമ്പോള്‍ ഒറ്റമരത്തിനു സമീപം കാട്ടുതീ പടരുന്നതുകണ്ട് സഞ്ചാരികള്‍ പരിഭ്രാന്തരായി. അങ്ങോട്ടുമിങ്ങോട്ടും ഓടിയവര്‍ രണ്ടായിപ്പിരിഞ്ഞു. അവിടെയുണ്ടായിരുന്ന ഗൈഡ് ചിലര്‍ക്കു വഴികാട്ടിയായി. തീക്കാറ്റില്‍നിന്ന് ഓടിരക്ഷപ്പെട്ടവര്‍ ചെന്നുവീണത് ചെങ്കുത്തായ പാറക്കൂട്ടത്തിലേക്ക്. കണ്ണിലേക്കുംമറ്റും കാറ്റടിച്ചു പുക കയറിയപ്പോള്‍ കാഴ്ചയില്ലാതെപോയതാകാം വീഴ്ചയ്ക്കു കാരണമെന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു.

പരിക്കേറ്റ ചിലര്‍ പാറക്കൂട്ടത്തില്‍ പ്രാണരക്ഷാര്‍ഥം അഭയം തേടി. എന്നാല്‍, ഇവിടേക്കടിച്ചുകയറിയ കാറ്റില്‍ പുക നിറഞ്ഞതും തിരിച്ചടിയായി. രാവിലെ കണ്ടെത്തുമ്പോള്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍പോലുമാകാത്തവിധം വികൃതമായിരുന്നു.

ആദ്യം നാട്ടുകാരെത്തി

കാട്ടുതീയില്‍പ്പെട്ടവരെ രക്ഷിക്കാന്‍ ആദ്യം ഓടിയെത്തിയത് നാട്ടുകാരായിരുന്നു. മലഞ്ചെരിവായതിനാല്‍ വാഹനങ്ങളെത്താത്തതും രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. എന്നാല്‍, അപകടത്തില്‍പ്പെട്ടവരില്‍ മിക്കവരും എല്‍.ഇ.ഡി. ടോര്‍ച്ച് തെളിച്ചുനിന്നത് രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായി. ഇവിടെ പലപ്പോഴും കാട്ടുതീ ഉണ്ടാകാറുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, പരിചയസമ്പന്നരായ ഗൈഡുകള്‍ ഇവരെ പുറത്തെത്തിക്കുകയാണു പതിവെന്നും ഇവര്‍ പറയുന്നു.