ഉദുമ: ഭാര്യയുടെ വീട്ടിൽനിന്ന്‌ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ യുവാവ് റിമാൻഡിലായി. ഉദുമ കുണ്ടോളംപാറയിലെ പി.എം.മുഹമ്മദ് കുഞ്ഞി (38) യെയാണ് ഭാര്യാപിതാവിന്റെ പരാതിയിൽ ബേക്കൽ എസ്.ഐ. സാജു തോമസും സംഘവും അറസ്റ്റ്‌ ചെയ്തത്.

കോട്ടിക്കുളത്തെ എം.അബ്ദുള്ളക്കുഞ്ഞിയുടെ പരാതിയിലാണ് അറസ്റ്റ്. 2019 ജൂലായ് മുതൽ പലപ്പോഴായി രണ്ടരലക്ഷത്തോളം രൂപയുടെ ആഭരണങ്ങളും പണവും അബ്ദുള്ളക്കുഞ്ഞിയുടെ വീട്ടിൽനിന്ന്‌ മോഷണം പോയിരുന്നു. മകളുടെ ഭർത്താവ് വിരുന്നുവന്ന് മടങ്ങിപ്പോയശേഷമായിരുന്നു എല്ലായ്‌പ്പോഴും പണവും പണ്ടവും നഷ്ടപ്പെട്ടിരുന്നത്.

മോഷ്ടാവിനെ കണ്ടെത്താനാകാതെ വീട്ടുകാർ വലഞ്ഞതോടെ ചില ബന്ധുക്കൾ മരുമകനെ നിരീക്ഷിക്കാൻ തുടങ്ങി. കഴിഞ്ഞമാസം 29-നും ഈ വീട്ടിൽ മോഷണം നടന്നിരുന്നു. തുടർന്ന് അബ്ദുള്ളക്കുഞ്ഞി ബേക്കൽ പോലീസിൽ പരാതി നൽകി. മരുമകനെ പോലീസ് വിശദമായി ചോദ്യംചെയ്തതോടെയാണ് മോഷണവിവരം പുറത്തായത്‌.