തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതിനുള്ള വിലക്ക് നീക്കി. നാട്ടാനപരിപാലനത്തിനുള്ള ജില്ലാ മോണിറ്ററിങ് കമ്മിറ്റിയാണ് കർശനനിബന്ധനകളോടെ എഴുന്നള്ളിപ്പിന് അനുമതി നൽകിയത്. ഒരുവർഷമായി നിലനിൽക്കുന്ന വിലക്കാണ് നീങ്ങിയത്. ഇതിനിടയിൽ തൃശ്ശൂർ പൂരത്തിന് തെക്കേഗോപുരനട തുറക്കാൻ രാമചന്ദ്രന് പ്രത്യേക അനുമതി ലഭിച്ചിരുന്നു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിനായി 12 നിബന്ധനകളാണ് മോണിറ്ററിങ് കമ്മിറ്റി മുന്നോട്ടുവെച്ചത്. ദേവസ്വം ഭാരവാഹികൾ ഇത് അംഗീകരിക്കുകയും എഴുതി ഒപ്പിട്ടുനൽകുകയും വേണം. എഴുന്നള്ളിപ്പുകളിൽ രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലുള്ള പൂർണ ഉത്തവാദിത്വം തങ്ങൾക്കാണെന്ന് തെച്ചിക്കോട്ടുകാവ് ദേവസ്വം എഴുതിനൽകണം.

ആനയ്ക്ക് നിലവിൽ ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലെന്ന കണ്ടെത്തലിനെത്തുടർന്നാണ് വിലക്ക് പിൻവലിക്കാൻ തീരുമാനിച്ചത്. തൃശ്ശൂർ പൂരം എഴുന്നള്ളിപ്പിനുള്ള അനുമതി പിന്നീട് ജില്ലാ മോണിറ്ററിങ് കമ്മിറ്റി തീരുമാനിക്കും.

ആനയെ വളരെക്കാലം വെറുതെ നിർത്തുന്നതും ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിപാലിക്കാൻ വർഷം 30 ലക്ഷം രൂപവരെ ചെലവുണ്ടെന്നതും കമ്മിറ്റി പരിഗണിച്ചു. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിങ് കമ്മിറ്റിയാണ് വിലക്കുനീക്കാനുള്ള തീരുമാനം എടുത്തത്. ഗുരുവായൂർ കോട്ടപ്പടിയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആനയ്ക്ക് വിലക്കുവന്നത്. ഗൃഹപ്രവേശനത്തിന് എത്തിച്ച ആന പടക്കംപൊട്ടിയപ്പോൾ ഇടഞ്ഞ് ഓടുകയായിരുന്നു.

നിബന്ധനകൾ

1. ആഴ്ചയിൽ രണ്ട് പരിപാടികളിൽ മാത്രമേ എഴുന്നള്ളിക്കാവു.

2. ജില്ലാ മോണിറ്ററിങ് കമ്മിറ്റിയുടെ പ്രത്യേക എലിഫന്റ് സ്‌ക്വാഡ് അകമ്പടി ഉണ്ടായിരിക്കണം

3. ആനയോടൊപ്പം നാല് പാപ്പാന്മാർ എല്ലാ സമയത്തും വേണം

4. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മാത്രമേ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

5. ആനയിൽനിന്ന്‌ കുറഞ്ഞത് അഞ്ചു മീറ്റർ അകലം പാലിക്കണം.

6. നിലവിൽ ഉണങ്ങിവരുന്ന തൊലിപ്പുറമെയുള്ള മുറിവുകൾ ഉണങ്ങാത്ത സ്ഥിതിവന്നാൽ അനുമതി റദ്ദാക്കും.

7. ആഴ്ചയിൽ ഒരിക്കൽ നിലവിൽ ചികിത്സിക്കുന്ന ഡോക്ടർ സർട്ടിഫിക്കറ്റ് നൽകണം.

8. ആനയ്ക്ക് ഒരുതരത്തിലുള്ള സമ്മർദവും സൃഷ്ടിക്കരുത്. പടക്കങ്ങൾ ആനയുടെ അടുത്തുവെച്ച് പൊട്ടിക്കരുത്.

9. അസ്വാഭാവിക പെരുമാറ്റം കണ്ടാൽ വീണ്ടും വിലക്കും.

10. ആനയെ പങ്കെടുപ്പിക്കുന്ന പരിപാടികൾ നേരത്തേ തന്നെ തൃശ്ശൂർ വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ല വെറ്ററിനറി ഓഫീസർ എന്നിവരെ അറിയിക്കണം

11. രണ്ടു മാസത്തിനു ശേഷം തൃപ്തികരമാണെന്നുറപ്പായാൽ മാത്രമെ തുടർന്നുള്ള എഴുന്നള്ളിപ്പുകൾക്ക് അനുമതി നൽകൂ.

content highlights; Thechikottukavu Ramachandran's restriction removed with demands