lijo joseph
ലിജോ ജോസഫ്


ചിങ്ങവനം: കൊല്ലം-എറണാകുളം പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി ഇത് ഓടിയത് നാലു കിലോമീറ്ററോളം. മലകുന്നം ജീരകക്കുന്ന് ചേറുകളത്തില്‍ ലിജോ ജോസഫ് (ലിജോപ്പന്‍-28) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് കോട്ടയം-കായംകുളം റൂട്ടില്‍ അരമണിക്കൂറോളം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

ബുധനാഴ്ച രാവിലെയാണ് സംഭവം. ചങ്ങനാശ്ശേരിക്കും ചിങ്ങവനത്തിനും ഇടയില്‍ കുറിച്ചി ഭാഗത്ത് എത്തിയപ്പോള്‍ യുവാവ് ട്രാക്കിലേക്ക് ചാടുകയായിരുന്നു. മൃതദേഹം എവിടേക്കാണ് തെറിച്ചുവീണതെന്ന് എന്‍ജിന്‍ ഡ്രൈവര്‍മാര്‍ കണ്ടില്ല. ട്രെയിന്‍ ചിങ്ങവനം റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ എത്തിയപ്പോള്‍ യാത്രക്കാരാണ് എന്‍ജിന് മുന്നില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. അടുത്ത ബോഗികളുമായി ഘടിപ്പിക്കുന്ന ഹുക്കില്‍ തല കോര്‍ത്ത നിലയിലായിരുന്നു. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു.

പോലീസ് കേസെടുത്തു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശവസംസ്‌കാരം വ്യാഴാഴ്ച 10-ന് മലകുന്നം പൊടിപ്പാറ പള്ളി സെമിത്തേരിയില്‍. ഒരു സഹോദരനുണ്ട്. സംഭവത്തെ തുടര്‍ന്ന് പാസഞ്ചര്‍ ഒരു മണിക്കൂറോളം വൈകി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: train runsover