കൊച്ചി: മരടിലെ ആൽഫ സെറീനിന്റെ പിന്നിലെ ടവർ (ബി) 45 ഡിഗ്രിയും മുന്നിലെ ടവർ (എ) ഏതാണ്ട് കുത്തനെയുമാണ് വീഴ്ത്തിയതെന്ന് ചെന്നൈ വിജയ് സ്റ്റീൽസിന്റെ നിയന്ത്രിത സ്ഫോടന വിദഗ്ദ്ധൻ ആനന്ദ് ശർമ. സ്ഫോടനത്തിനു ശേഷം ’മാതൃഭൂമി’യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊട്ടടുത്ത് വീടുകളും കായലും ഉണ്ടായതിനാലാണ് ഇങ്ങനെയൊരു രീതി സ്വീകരിച്ചത്. കായൽഭാഗത്ത് ഒരു മരം മാത്രമെ തകർന്നിട്ടുള്ളൂ. ബാക്കിയെവിടെയും ഒരു നാശവുമുണ്ടായില്ല-അദ്ദേഹം പറഞ്ഞു.

* ആൽഫയിലെ പൊളിക്കലാണ് ഏറെ ചർച്ച ചെയ്യപ്പെട്ടതും വിവാദമായതും. സ്ഫോടകവസ്തു നിറയ്ക്കൽ പോലും വൈകി?

നാല് ഫ്ലാറ്റുകളിൽ ഏറ്റവും പ്രയാസമേറിയതാണ് ഞങ്ങൾക്ക് കിട്ടിയത്. ഒരു കോമ്പൗണ്ടിൽ രണ്ട് ടവറുകൾ. തൊട്ടടുത്ത് അമ്പതോളം വീടുകൾ. പിന്നിൽ 20-30 മീറ്റർ അകലെ കായൽ. മുൻവശത്ത് ഗേറ്റിനപ്പുറത്ത് ഒരു ബഹുനില മന്ദിരം. രണ്ട് ഫ്ലാറ്റുകളുടെയും ഇടയ്ക്കാണ് അല്പം ശൂന്യസ്ഥലം ഉണ്ടായിരുന്നത്. എല്ലാവർക്കും ആശങ്കയായിരുന്നു. എനിക്കൊരു ടെൻഷനും ഇല്ലായിരുന്നു. ഫ്ലാറ്റിന്റെ കാൽച്ചുവട്ടിലാണ് അവയെ ഞങ്ങൾ വീഴ്ത്തിയത്.

* ഇത്ര വലിയ ജനവാസ മന്ദിരം പൊളിക്കുന്നത് ആദ്യമായിട്ടല്ലേ?

തീർച്ചയായും. 2012-ൽ ജയ്‌പുരിൽ ഒരു റസിഡൻഷ്യൽ കെട്ടിടം പൊളിച്ചത് ഒമ്പത് നില മാത്രമായിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എട്ട് പൊളിക്കലുകൾ നടത്തി. ഏറെയും വ്യാവസായിക മേഖലയിലുള്ളവ. ഇതിൽ പാനിപ്പറ്റിലെ 105 മീറ്റർ ഉയരമുള്ള കെട്ടിടവും ഉൾപ്പെടുന്നു. റസിഡൻഷ്യൽ കെട്ടിടങ്ങൾ പൊളിക്കുന്നത് വെല്ലുവിളിയാണ്. 55 മീറ്ററോളം ഉയരമുള്ള ആൽഫയുടെ ആ വെല്ലുവിളി ഞങ്ങൾ ഏറ്റെടുക്കുകയായിരുന്നു.

* എന്തൊക്കെയായിരുന്നു വെല്ലുവിളികൾ?

പരസ്പരം കൊരുത്തുവെക്കുന്ന തരത്തിലുള്ള (ജിഗ്‌സോ) രൂപമായിരുന്നു ആൽഫയുടെത്. ഇതിലെ ജോലികൾ പ്രയാസമുള്ളതാണ്. തൊട്ടടുത്തുള്ള വീടുകളും പിൻവശത്ത് ഫ്ലാറ്റിന് സമാന്തരമായി വരുന്ന 12 മീറ്ററോളം കായലും പ്രതിസന്ധിയായിരുന്നു. ഇത്ര വലിയ സ്ഫോടനം ആദ്യമായിട്ടായതിനാൽ സമീപവാസികൾക്കുണ്ടായ ആശങ്കകൾ സമരത്തിന് വഴിവെച്ചു. ഇത് പണികളുടെ വേഗത്തെ ബാധിച്ചു. മറ്റ് ഫ്ലാറ്റുകൾ തകർത്ത എഡിഫിസ് എൻജിനീയറിങ്-ജെറ്റ് ഡിമോളിഷൻ സഖ്യം ആറ് നിലകളിൽ സ്ഫോടനം നടത്തിയപ്പോൾ ഞങ്ങൾ എട്ട് നിലകളിൽ നടത്തി. അവശിഷ്ടം പരമാവധി പൊടിഞ്ഞുവീഴുന്നതിനായിരുന്നു ഇത്. പെസോ (പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓർഗനൈസേഷൻ) യുടെ നിർദേശപ്രകാരം സ്ഫോടകവസ്തുക്കളുടെ അളവ് കുറച്ചു. എഡിഫിസ് വിദേശികളെ ഉപയോഗിച്ച് പൊട്ടിച്ചപ്പോൾ പൂർണമായും ’ഇന്ത്യൻ’ ആയിരുന്നു ആൽഫയിലെ സ്ഫോടനം.

* നീന്തൽക്കുളം പൊളിച്ചപ്പോൾ സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടായെന്ന് പറയുന്നുണ്ടല്ലോ?

യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിക്കുമ്പോൾ സമീപത്ത് പ്രശ്നങ്ങളുണ്ടാകേണ്ട കാര്യമില്ല. ഇതാദ്യമായാണ് ഇങ്ങനെയൊരു പരാതി നേരിട്ടത്. വിശദമായി പഠിച്ചാലേ കൂടുതൽ അഭിപ്രായം പറയാനാകൂ.

* വിജയ് സ്റ്റീൽസിൽ താങ്കളുടെ ചുമതലയെന്താണ്?

മൈനിങ് എൻജിനീയറായ ഞാൻ 25 വർഷമായി സ്ഫോടനങ്ങൾ നടത്തുന്നുണ്ട്. ഇംപ്ലോഷൻ (നിയന്ത്രിത സ്ഫോടനം) നടത്താൻ വിജയ് സ്റ്റീൽസ് എന്നെ നിയമിച്ചു എന്നേയുള്ളൂ. എഡിഫിസുകാർ ജെറ്റ് ഡിമോളിഷനെ ഉപയോഗിച്ചതു പോലെ.

Content Highlights: The tower in front of the alpha fell straight down, says Anand sharma