തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് ബോണസായി 4000 രൂപയും ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.

കഴിഞ്ഞവർഷത്തെ അതേ നിരക്കിലാണ് ബോണസ്. എന്നാൽ, ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി ബോണസ് പരിധി ഉയരും. ഇതേപ്പറ്റി അന്തിമതീരുമാനം വ്യാഴാഴ്ചയുണ്ടാവും.

ശമ്പളപരിഷ്കരണംനടന്ന വിഭാഗങ്ങളിൽ ഏകദേശം 34,000 രൂപയും പരിഷ്കരണം ഇനിയും നടക്കാത്ത വിഭാഗങ്ങളിൽ ഏകദേശം 31,000 രൂപയുമായിരിക്കും പരിധി. എന്നാൽ, കഴിഞ്ഞവർഷം ലഭിച്ച അത്രയുംതന്നെ ജീവനക്കാർക്ക് ബോണസ് ലഭിക്കുമെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു.

എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 15,000 രൂപ നൽകും. അഞ്ച്‌ തുല്യഗഡുക്കളായി തിരിച്ചടയ്ക്കണം. പാർട്ട് ടൈം കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റുജീവനക്കാർക്ക് അഡ്വാൻസായി 5000 രൂപ നൽകും. സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതിപ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ആയിരം രൂപയാണ്.

കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാവിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവബത്ത ലഭിക്കും.

Content Highlights: The State government has announced a bonus of ?4,000 for government employees for Onam