തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. കിഴക്കേക്കോട്ടയിൽ ആരംഭിച്ച പെട്രോൾ പമ്പിനെതിരേ ഹൈക്കോടതിയിൽ പൊതുതാത്‌പര്യ ഹർജി നൽകിയ ആൾക്ക് 10,000 രൂപ പിഴ ചുമത്തി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുടെ ഡിവിഷൻ െബഞ്ചാണ് തിരുവനന്തപുരം പേട്ട പാൽക്കുളങ്ങര സ്വദേശി ഡി.സെൽവിനെതിരേ നടപടി എടുത്തത്.

പിഴത്തുക അർബുദരോഗ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ക്ഷേമത്തിനായി ചെലവിടാനും കോടതി നിർദേശിച്ചു.

ജില്ലാ മജിസ്‌ട്രേറ്റിൽനിന്നും എൻ.ഒ.സി. വാങ്ങാതെ പമ്പ് ആരംഭിച്ചുവെന്നുകാട്ടിയാണ് ഇയാൾ കോടതിയെ സമീപിച്ചത്. 1971ൽ തന്നെ കെ.എസ്.ആർ.ടി.സി.ക്ക് എൻ.ഒ.സി. ലഭിച്ച പമ്പ് പൊതുജനങ്ങൾക്കു കൂടെ തുറന്നു കൊടുക്കുന്നതിനു മുൻപ് പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ ഉൾപ്പെടെയുള്ളവയുടെ ആവശ്യമായ അനുമതി ലഭിച്ചതായി കെ.എസ്‌.ആർ.ടി.സി. കോടതിയെ അറിയിച്ചിരുന്നു.

രേഖകളൊന്നും പരിശോധിക്കാതെ കോടതിയെ സമീപിച്ചതിനെതിരേയാണ് കേസ് തള്ളി കോടതി പരാതിക്കാരനു പിഴയിട്ടത്. കെ.എസ്.ആർ.ടി.സി.ക്കു വേണ്ടി സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ദീപു തങ്കൻ ഹാജരായി.