കണ്ണൂര്‍: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള തീവണ്ടി മുന്നറിയിപ്പില്ലാതെ കണ്ണൂരിൽ നിര്‍ത്തിയപ്പോള്‍ കുഴങ്ങിപ്പോയത് ജില്ലാ ഭരണകൂടം. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നിന് ശ്രമിക് സ്പെഷ്യല്‍ തീവണ്ടിയിൽ നിന്ന് 152 യാത്രക്കാരാണ് കണ്ണൂരില്‍ ഇറങ്ങിയത്. രോഗലക്ഷണത്തെ തുടർന്ന് ഒരാളെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ വണ്ടി നിര്‍ത്തണമെന്ന വിവരം രാവിലെ 9.45-ഓടെ സ്റ്റേഷന്‍ അധികൃതര്‍ക്ക് കിട്ടിയിരുന്നു. ഇത് ജില്ലാഭരണകൂടത്തെ അറിയിച്ചത് 11 മണി കഴിഞ്ഞാണ്. അപ്പോഴേക്കും വണ്ടി ഉഡുപ്പി വിട്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ ജില്ലാ ഭരണകൂടം സ്‌ക്രീനിങ്ങിനുള്ള മെഡിക്കല്‍ സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ തയ്യാറാക്കി. കണ്ണൂരില്‍ ഒരുമണിക്ക് എത്തുന്ന വണ്ടിയിൽനിന്ന് എത്രപേര്‍ ഇറങ്ങുമെന്നോ അവരെ ജില്ലകളില്‍ എത്തിക്കാന്‍ എത്ര ബസ് വേണമെന്നോ അറിയാതെ അധികൃതർ കുഴങ്ങി. വണ്ടി രണ്ടു മണിക്കൂര്‍ വൈകിയതാണ് അല്പം ആശ്വാസമായത്.
കണ്ണൂര്‍ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് രണ്ട് മെഡിക്കല്‍ സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍ നിയോഗിച്ചു. നാല് ഡോക്ടര്‍മാര്‍, ആറ് സ്റ്റാഫ് നഴ്‌സുമാര്‍, ആറ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാർ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കളക്ടര്‍ ടി.വി. സുഭാഷ്, ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര, കൊറോണ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. എന്‍. അഭിലാഷ്, ഡോ. ഇ. മോഹനന്‍, ഡോ. കെ.വി. ലതീഷ് അടക്കമുള്ളവര്‍ റെയില്‍വേ സ്റ്റേഷനിലെത്തി തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകി. 15-ഓളം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ ഒരുക്കിനിര്‍ത്തി. മൂന്നുമണിക്ക് വണ്ടിയെത്തിയപ്പോൾ ആരോഗ്യസംഘം പരിശോധനയ്ക്ക് തയ്യാറായിരുന്നു. എല്ലാവരെയും തെര്‍മല്‍ സ്കാനിങ് നടത്തിയാണ് സുരക്ഷിത ഭാഗങ്ങളില്‍ ഇരുത്തിയത്. പനിയോ ലക്ഷണങ്ങളോ ഇല്ലാത്തവരെ ബസ്സുകളില്‍ വിട്ടു. കണ്ണൂര്‍ ജില്ലയിലെ 56 പേര്‍, കാസര്‍കോട്ടെ 72 പേര്‍, കോഴിക്കോട്ടെ 17, വയനാട്ടെ അഞ്ച്, മലപ്പുറത്തെ ഒന്ന്, തമിഴ്‌നാട്ടിലെ ഒന്ന് എന്നിങ്ങനെയാണ് ഇവിടെ ഇറങ്ങിയവരുടെ കണക്ക്.
കോൺഗ്രസിന്റെ കൈത്താങ്ങ്
മുംബൈ മലയാളികളെ നാട്ടിലെത്തിക്കാന്‍ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയാണ് കേരളത്തിലേക്ക് ഒരു തീവണ്ടി ഒരുക്കിക്കൊടുത്തത്. കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം കെ.സി. വേണുഗോപാൽ ഇതുസംബന്ധിച്ച് സോണിയാഗാന്ധിയുമായി സംസാരിച്ചിരുന്നു. യാത്രക്കാരുടെ ചെലവ് മഹാരാഷ്ട്രാ സര്‍ക്കാരാണ് വഹിക്കുന്നത്. തിരുവനന്തപുരത്തേക്കുള്ള വണ്ടിക്ക് എറണാകുളം മാത്രമായിരുന്നു സ്‌റ്റോപ്പ്. ഈ കാരണത്താല്‍ മലബാറിലെ നിരവധി കുടുംബങ്ങള്‍ യാത്ര റദ്ദാക്കുകയും ചെയ്തു. ഇതിനിടയില്‍ കണ്ണൂരും കാസര്‍കോടും ഉള്‍പ്പെടെയുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കി. അവസാനനിമിഷമാണ് കണ്ണൂരില്‍ സ്റ്റോപ്പനുവദിച്ചത്.
Content Highlight: The Mumbai train stopped at Kannur without warning