രാജാക്കാട്: വഴിയിൽ നിന്ന കാട്ടാനയെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഓടിച്ച ബൈക്കിൽനിന്ന് റോഡിൽ വീണ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാർ സ്വദേശിനി വിജി കുമാർ (36) ആണ് വെള്ളിയാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. രാവിലെ അഞ്ചരയോടുകൂടി ഭർത്താവ് കുമാറിനൊപ്പം തമിഴ്നാട്ടിലെ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ പൂപ്പാറ-മൂന്നാർ വഴി ചട്ടമൂന്നാറിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആനയിറങ്കലിനു സമീപം പൂപ്പാറ എസ് വളവിലായിരുന്നു സംഭവം. ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇവർ റോഡിന്റെ നടുവിൽ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്റെ മുൻപിൽപെട്ടു. കൊടുംവളവിനപ്പുറമാണ് ഒറ്റയാൻ നിലയുറപ്പിച്ചിരുന്നത് എന്നതിനാൽ ആനയെ കാണാനായില്ല.

ബൈക്ക് വളവ് തിരിഞ്ഞ് കാട്ടാനയുടെ അടുത്തെത്തിയപ്പോഴാണ് അപകടം തിരിച്ചറിഞ്ഞത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒറ്റയാന്റെ മുമ്പിലേക്ക് ബൈക്ക് മറിയുകയും ഇരുവരും റോഡിലേക്ക് വീഴുകയും ചെയ്തു. ഓടിയെത്തിയ കാട്ടാന വിജിയുടെ തലയിൽ ആഞ്ഞ് ചവിട്ടി. വിജി തൽക്ഷണം മരിച്ചു. ബൈക്കിന്‌ അടിയിൽപെട്ട കുമാർ പരിക്കുകളോട ഓടിരക്ഷപ്പെട്ടു. ഈ സമയം എത്തിയ തൊഴിലാളിവാഹനത്തിലുള്ളവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജി തേയിലത്തോട്ടം തൊഴിലാളിയാണ്. കുമാർ ചായക്കട തൊഴിലാളിയും. മറയൂർ ഗവ. സ്കൂളിലെ വിദ്യാർഥികളായ പ്രീതി, പ്രിയദർശിനി, മനോജ്കുമാർ എന്നിവരാണ് മക്കൾ. വനം വകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പോലീസും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. വിജിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.