തിരുവനന്തപുരം: വാളയാർ കേസിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ നിയമോപദേശം തേടും. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയ സാഹചര്യത്തിൽ അതിനുള്ള സാധ്യതയും പരിശോധിക്കും. പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിൽനിന്നുള്ള നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർനടപടി.

പ്രതികളെ വെറുതേവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയാണ് പുനർവിചാരണയ്ക്കായി പാലക്കാട് പോക്സോ കോടതിക്ക് വിട്ടത്. കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. അന്വേഷണ ഏജൻസിയോ ഉദ്യോഗസ്ഥനോ ആണ് പുനരന്വേഷണത്തിനുള്ള ആവശ്യം ഉന്നയിക്കേണ്ടത്. പ്രോസിക്യൂഷൻ ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുകയും അനുമതി ലഭിച്ചാൽ കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടികൾ കൈക്കൊള്ളണമെന്നുമാണ് പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ നിവേദനത്തിൽ ആവശ്യപ്പെടുന്നത്. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പോലീസും നിയമോപദേശം തേടുന്നുണ്ട്.

കേസിൽ കൂടുതൽ സാക്ഷികളും തെളിവുകളുമുണ്ടെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് പ്രോസിക്യൂഷന് വിചാരണക്കോടതിയിൽ അപേക്ഷ നൽകാനാകും. എന്നാൽ പോലീസിന്റെ തുടരന്വേഷണമേ സാധ്യമാവൂവെന്നാണ് നിയമവിദഗ്ധർ സൂചിപ്പിക്കുന്നത്. അന്തിമറിപ്പോർട്ട് നൽകിയശേഷം അന്വേഷണ ഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണിത്. അതേസമയം സർക്കാരിനോ രക്ഷിതാക്കൾക്കോ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകാം.

അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പട്ടിട്ടുണ്ട്.

Content Highlights: Government will seek legal advice in the Walayar case