തിരുവനന്തപുരം: കേരളത്തിലെ കേസുകൾ നേരിട്ട് ഏറ്റെടുക്കാൻ സി.ബി.ഐ.ക്ക് നൽകിയ പൊതുസമ്മതം പിൻവലിക്കാൻ സർക്കാർ ആലോചന തുടങ്ങി. ഉടൻ തീരുമാനമുണ്ടാവും. ഇതിന് പ്രത്യേക നിയമനിർമാണംവേണ്ടാ. മന്ത്രിസഭ തീരുമാനിച്ച് ഉത്തരവിറക്കിയാൽമതി. പൊതുസമ്മതം പിൻവലിക്കാൻ അനുകൂല നിയമോപദേശം കിട്ടിയതായി ഉന്നതവൃത്തങ്ങൾ പറഞ്ഞു.

സി.ബി.ഐ.യെ കേന്ദ്രസർക്കാർ രാഷ്ട്രീയപകപോക്കലിന് ആയുധമാക്കുന്നുവെന്നാണ് സർക്കാരിന്റെയും സി.പി.എമ്മിന്റെയും വിമർശനം. അതിനാൽ ബി.ജെ.പി. ഇതര കക്ഷികൾ ഭരിക്കുന്ന സംസ്ഥാനസർക്കാരുകൾ ചെയ്തതുപോലെ കേരളത്തിലും വിലക്ക് ഏർപ്പെടുത്തുന്നത് പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സി.പി.ഐ. സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും ഈ നിർദേശത്തെ പിന്തുണച്ചു.

2017-ലാണ് കേസുകൾ സ്വമേധയാ ഏറ്റെടുക്കാനുള്ള പൊതുസമ്മതം കേരളസർക്കാർ നൽകിയത്. അത് മറ്റൊരു ഉത്തരവിലൂടെ പിൻവലിക്കാം. എന്നാൽ, അതോടെ സി.ബി.ഐ.യെ സംസ്ഥാനത്ത് പൂർണമായും വിലക്കാനാവില്ല. പുതുതായിവരുന്ന ഓരോ കേസിനും സി.ബി.ഐ. പ്രത്യേകം അനുവാദംവാങ്ങണം. സർക്കാരിനു താത്പര്യമില്ലെങ്കിൽ അനുമതി നിഷേധിക്കാം. അങ്ങനെവന്നാൽ സി.ബി.ഐ.ക്കു കോടതിയെ സമീപിക്കേണ്ടിവരും. നിലവിലുള്ള കേസുകളും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെട്ട അഴിമതിക്കേസുകളും സി.ബി.ഐ.ക്ക് നേരിട്ട് ഏറ്റെടുക്കാം.

ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, പശ്ചിമബംഗാൾ, ഛത്തിസ്ഗഢ്, ബംഗാൾ സർക്കാരുകൾ പൊതുസമ്മതം പിൻവലിച്ചിട്ടുണ്ട്. ശിവസേന-എൻ.സി.പി.-കോൺഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയും കഴിഞ്ഞദിവസം സി.ബി.ഐ.യെ വിലക്കി ഉത്തരവിറക്കി. ഈ സാഹചര്യത്തിൽ കേരളം ഇനിയും സമ്മതംതുടരേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിന്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളുടെ ഇടയിലാണ് സംസ്ഥാനസർക്കാർ. ലൈഫ് പദ്ധതിയിലെ ക്രമക്കേട് സി.ബി.ഐ. അന്വേഷിക്കുന്നതിനെ കേരളം കോടതിയിൽ എതിർത്തിട്ടുണ്ട്. പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണം സി.ബി.ഐ.ക്കു വിട്ടുകൊടുത്ത വിധിക്കെതിരേ അപ്പീൽ നൽകിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ ഇതുവരെ എടുത്തതിനും അപ്പുറത്തേക്കുള്ള ചില നടപടികളിലേക്ക് സി.ബി.ഐ.യെ ഉപയോഗിച്ച് കേന്ദ്രം കടന്നേക്കുമെന്ന സൂചനയുണ്ടെന്നും ഉന്നതവൃത്തങ്ങൾ പറഞ്ഞു.