കൊച്ചി: കടമ്പ്രയാർ മലിനീകരണവുമായി ബന്ധപ്പെട്ട് കിറ്റെക്സ് കമ്പനിക്കെതിരേ ആരോപണങ്ങളുമായി പി.ടി.തോമസ് എം.എൽ.എ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന് നൂറുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് കമ്പനി. കിറ്റെക്സിനെതിരെ നേരത്തേതന്നെ രംഗത്തുവന്നിരുന്ന പി.ടി.യോട്, ആരോപണങ്ങളിൽ അഞ്ച് കാര്യങ്ങൾക്ക് തെളിവുനൽകിയാൽ അമ്പതുകോടി നൽകാമെന്ന് എം.ഡി. സാബു എം.ജേക്കബ് പ്രഖ്യാപിച്ചിരുന്നു. പറഞ്ഞസമയത്തിനുള്ളിൽ പി.ടി. തെളിവുകൾ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിറ്റെക്സ് വക്കീൽ നോട്ടീസ് അയച്ചത്.

പി.ടി. ആരോപണത്തിൽ ഉന്നയിച്ചതുപോലെ തിരുപ്പൂരിൽ കമ്പനിക്ക് ബ്ലീച്ചിങ്-ഡൈയിങ് യൂണിറ്റുണ്ടായിരുന്നുവെന്ന് തെളിയിക്കണമെന്നും മദ്രാസ് ഹൈക്കോടതിയും സുപ്രീംകോടതിയും തിരുപ്പൂരിൽ പൂട്ടിച്ച നൂറ്റമ്പത് കമ്പനികളിൽ നാലെണ്ണം കിറ്റെക്സിന്റേതായിരുന്നുവെന്ന ആരോപണം തെളിയിക്കാൻ കോടതിരേഖകൾ പുറത്തുവിടണമെന്നും അവിടെ പൂട്ടിയ യൂണിറ്റുകൾ കിഴക്കമ്പലത്തുകൊണ്ടുവന്ന് തുടങ്ങി, പുറമേനിന്ന് ഓർഡറുകൾ വാങ്ങി ഡസൻ കണക്കിന് ലോറികളിൽ സാധനങ്ങൾ കൊണ്ടുവന്ന് ബ്ലീച്ചിങ്ങും ഡൈയിങും നടത്തുന്നുവെന്ന ആരോപണത്തിന് രേഖകൾ നൽകണമെന്നും കിറ്റെക്‌സ് എം.ഡി. ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, 1995 മുതൽ 2008 വരെ കിറ്റെക്സ് കമ്പനി ഡൈയിങ്ങും ബ്ലീച്ചിങും നടത്തിയത് എവിടെനിന്നാണെന്ന് ഉടമ വ്യക്തമാക്കുമ്പോൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാവുമെന്ന് പി.ടി. പത്രസമ്മേളനത്തിൽ പറഞ്ഞു. 1980 മുതൽ കമ്പനി ബ്ലീച്ചിങ് ജോലികൾ ചെയ്തിരുന്നത്, മറ്റ് എല്ലാ സംസ്ഥാനങ്ങളിലെയും വ്യവസായികൾ ചെയ്തിരുന്നതുപോലെ തിരുപ്പൂരിലാണെന്ന് സാബു എം.ജേക്കബ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തിരുപ്പൂരിൽനിന്ന് ഇവിടെ കൊണ്ടുവന്ന് സ്ഥാപിച്ച യൂണിറ്റിൽ പുറത്തുനിന്ന് ഓർഡർ സ്വീകരിച്ച് ലോറികളിൽ സാധനങ്ങൾ കൊണ്ടുപോകുന്നുവെന്ന പി.ടിയുടെ ആരോപണവും സാബു നിഷേധിച്ചു. എന്നാൽ, നാഷണൽ പെർമിറ്റ് ലോറികൾ ലോഡുമായി കമ്പനിയിൽനിന്ന് പോകുന്നതിന്റെ രേഖകൾ പരിശോധിച്ചാൽ അതിന് ഉത്തരമാകുമെന്ന് പി.ടി. പറഞ്ഞു. കടമ്പ്രയാറിലേക്ക് കിറ്റെക്‌സിന്റെ ഡൈയിങ് യൂണിറ്റിൽനിന്ന് രാസമാലിന്യം ഒഴുക്കിയെന്ന ആരോപണം സാബു നിഷേധിച്ചു. അമേരിക്കൻ യൂറോപ്യൻ നിലവാരത്തിലുള്ള ജൈവ ഡൈയാണ് ഉപയോഗിക്കുന്നത്. ഒരു തുള്ളിവെള്ളംപോലുമില്ലാതെയാണ് കളർ മുക്കിയെടുക്കുന്നത്

എന്നാൽ, താൻ ഹാജരാക്കിയ പി.സി.ബി.യുടെ അടക്കം വിവിധ രേഖകൾ പരിശോധിച്ചാൽ ഇതിന് ഉത്തരം കിട്ടുമെന്നായിരുന്നു പി.ടി.യുടെ മറുപടി.