തിരുവനന്തപുരം: ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയിലേക്ക് പുതിയ ആശയങ്ങൾ തേടി മുഖ്യമന്ത്രി പിണറായി വിജയൻ സാമൂഹിക നേതാക്കളെ കണ്ടു. വിവിധതലത്തിലെ നേതാക്കൾ അവരുടെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെച്ചു.

സാമൂഹികനീതിയിൽ അധിഷ്ഠിതമായ സർവതല സ്പർശിയായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ പ്രകടനപത്രികയിൽ പറഞ്ഞ 600 പദ്ധതികളിൽ 570 എണ്ണം പൂർത്തീകരിച്ചു. പ്രകൃതിക്ഷോഭങ്ങൾ കാരണമാണ് ചില പദ്ധതികൾ വൈകിയത്. പ്രതിസന്ധികൾ മറികടന്ന് സർക്കാർ മുന്നോട്ടുപോകുന്നുണ്ട്.

പ്രകടനപത്രികയിലുള്ളത് തിരഞ്ഞെടുപ്പിനു മുന്നോടിയായി പറയുന്നതാണെന്നും അതൊന്നും നടപ്പാക്കാനുള്ളതല്ലെന്നുമുള്ള കാഴ്ചപ്പാട് കേരള സമൂഹത്തിൽ മാറ്റിയത് ഈ സർക്കാരാണ്. അടുത്ത തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന വേളയിൽ ജനങ്ങളിൽനിന്നുള്ള പ്രതികരണമറിയാനും നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കാനുമാണ് ഇത്തരം സംവാദങ്ങൾ സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒരു വിഭാഗത്തിന്റെയും നിലവിലെ സംവരണത്തോതിൽ കുറവ് വരരുതെന്ന ശക്തമായ നിലപാടാണ് സർക്കാരിനുള്ളത്. എന്നാൽ, ഇതിന്റെ പേരിൽ ആശങ്ക പടർത്താനുള്ള ശ്രമം നടക്കുന്നുണ്ട്. സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക ക്ഷേമസമിതി പഠനം നടത്തുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കും.

നവോത്ഥാന മൂല്യങ്ങൾ തകർക്കാൻ ഒരുവിഭാഗം ശ്രമിക്കുന്നുണ്ട്. നവോത്ഥാനമൂല്യ സംരക്ഷണസമിതി മികച്ച ഇടപെടൽ നടത്തിയിട്ടുണ്ട്. സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ വിപുലമായി സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

നവോത്ഥാനമൂല്യ സംരക്ഷണ സമിതി ഓർഗനൈസിങ് സെക്രട്ടറി പി.രാമഭദ്രൻ, ഓർത്തഡോക്സ് സഭാ ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, സമിതി വൈസ് പ്രസിഡന്റ് സി.കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപതാ വികാരി ജനറൽ ഫാ. യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി വി.ആർ.ദേവദാസ്, എസ്.എൻ.ഡി.പി. യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി.കെ.സജീവ്, വീരശൈവ സഭ പ്രതിനിധി ടി.പി. കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രൊഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എ.കെ.സി.എച്ച്.എം.എസ്. പ്രതിനിധി രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശ്ശേരി എന്നിവർ സംസാരിച്ചു.