കൊല്ലം : ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ സാധനസാമഗ്രികളുടെ ഇനത്തിലുള്ള കുടിശ്ശിക ഉൾപ്പെടെ നൽകാൻ കേന്ദ്രസർക്കാർ 396 കോടി അനുവദിച്ചു. ഭരണച്ചെലവ് ഉൾപ്പെടെയുള്ള തുകയാണിത്. 2018-19 സാമ്പത്തികവർഷത്തെയടക്കം കുടിശ്ശിക നൽകാനുണ്ട്. 2019-20 വർഷം 409 കോടിയോളം രൂപയാണ് കുടിശ്ശികയുള്ളത്. ഇപ്പോൾ കേന്ദ്രം അനുവദിച്ച തുകയ്ക്ക് ആനുപാതികമായി സംസ്ഥാന വിഹിതമായ 25 ശതമാനം തുകകൂടി അനുവദിക്കണം. സംസ്ഥാനവിഹിതംകൂടി അനുവദിച്ചാൽ ഇതുവരെയുള്ള കുടിശ്ശിക നൽകാൻ കഴിയും.

കേന്ദ്രവിഹിതം വൈകുന്നതുമൂലം സാധനസാമഗ്രികൾ ഉപയോഗിച്ചുള്ള പ്രവൃത്തികൾ ഏറ്റെടുത്ത ഗ്രാമപ്പഞ്ചായത്തുകൾക്ക് തുക നൽകാൻ കഴിയാത്ത സ്ഥിതിയായിരുന്നു. വ്യക്തിഗത ആസ്തികളായ കാലിത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, മണ്ണ്-ജലസംരക്ഷണ ഉപാധികൾ, അഴുക്കുതോട്, കിണർ റീച്ചാർജിങ്‌, പുതിയ കിണറുകൾ എന്നിവ നിർമിച്ചവരാണ് പണത്തിനായി കാത്തിരിക്കുന്നത്.

തൊഴിലുറപ്പ് വ്യക്തിഗത ഗുണഭോക്താക്കൾ സ്വന്തം ചെലവിൽ നിർമാണം നടത്തുകയും പിന്നീട് പദ്ധതി തുക അവരുടെ ബാങ്ക് അക്കൗണ്ട് വഴി നൽകുകയുമാണ് ചെയ്യുന്നത്. മിക്ക ഗുണഭോക്താക്കളും ബാങ്കുകളിൽനിന്നും സഹകരണ സ്ഥാപനങ്ങളിൽനിന്നും കടംവാങ്ങിവരെ വ്യക്തിഗത ആസ്തികൾ സൃഷ്ടിച്ച് പണം കിട്ടാനായി കാത്തിരിക്കുന്നുണ്ട്. ഇതുമൂലം പുതിയ ഗുണഭോക്താക്കൾ ഇത്തരം പ്രവൃത്തികൾ ഏറ്റെടുക്കാൻ മടിക്കുന്ന സ്ഥിതിയുമുണ്ട്.

തൊഴിലുറപ്പു പദ്ധതിയിൽ കരാറുകാർക്ക് നിരോധനമുണ്ട്. സാധനസാമഗ്രികൾ വിതരണം ചെയ്യുന്നത് ജി.എസ്.ടി. രജിസ്‌ട്രേഷനുള്ള കച്ചവടക്കാരാണ്. ഇവരുടെ തുക ആറുമാസംമുതൽ ഒരുവർഷംവരെ വൈകിയാണ് പലപ്പോഴും കിട്ടാറുള്ളത്. ഇതുമൂലം ഇവരും താത്‌പര്യം കാട്ടാത്ത സ്ഥിതിയാണ്‌.

Content Highlights: The Center has allotted Rs 396 crore