തിരുവനന്തപുരം: കേരളത്തിന്റെ ആളോഹരി വരുമാനം 1,48,078 രൂപയാണെന്ന് നിയമസഭയിൽവെച്ച സാന്പത്തിക അവലോകന റിപ്പോർട്ട്. ദേശീയ ശരാശരി 93,655 മാത്രമാണ്. സംസ്ഥാന ആളോഹരി വരുമാനം ദേശീയ ശരാശരിയുടെ 1.6 ഇരട്ടി ഉയർന്ന് ഹരിയാണ, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങൾക്കൊപ്പമെത്തി.

കുതിക്കുന്നു പൊതുമേഖല

പൊതുമേഖലാ സ്ഥാപനങ്ങളിലും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളിലും വൻ മുന്നേറ്റമാണ് കേരളമുണ്ടാക്കിയതെന്ന് റിപ്പോർട്ട് പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 3,442.74 കോടി രൂപ. മുൻവർഷത്തെ അപേക്ഷിച്ച് 17.9 ശതമാനം വർധന.

* സംസ്ഥാനം കൂടുതൽ വ്യവസായ സൗഹൃദമായി. 2018-19ൽ 13,826 ചെറുകിട വ്യവസായ യൂണിറ്റുകൾ തുടങ്ങി.

* 49,068 പേർക്ക് ഈ മേഖലയിൽ തൊഴിൽ കിട്ടി.

* പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉത്പാദനം കൂടി. 102 കോടിയുടെ സഞ്ചിത ലാഭം.

കാർഷികമേഖലയെ പ്രളയം വിഴുങ്ങി

* രണ്ടുവർഷങ്ങളിലുണ്ടായ പ്രളയം കേരളത്തിന്റെ കാർഷികമേഖലയെ തകർത്തു. കൃഷിവിസ്തൃതിയും ഒന്നിൽക്കൂടുതൽ തവണ കൃഷിയിറക്കിയ സ്ഥലത്തിന്റെ വിസ്തൃതിയും കുറഞ്ഞു.

* കാർഷികേതര ആവശ്യങ്ങൾക്കായുള്ള ഭൂവിനിയോഗം മൂന്നുശതമാനം കൂടി.

* 2009-10ൽ നെൽകൃഷി 2.34 ലക്ഷം ഹെക്ടറിൽ. 2018-19 ആയപ്പോഴേക്കും ഉത്പാദനം 3.5 ശതമാനവും കൃഷിവിസ്തൃതി 1.5 ശതമാനവും കുറഞ്ഞു.

* 2017-18നെ അപേക്ഷിച്ച് 2018-19ൽ നെൽകൃഷി വിസ്തൃതി 4.7 ശതമാനം കൂടി. ഉത്പാദനക്ഷമത 2009-10നെ അപേക്ഷിച്ച് 14 ശതമാനം ഉയർന്നു.

* കേരളത്തിലെ എല്ലാ വിളകളുടെയും മൊത്തവില സൂചിക കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 3.2 ശതമാനം കുറഞ്ഞു.

Content Highlights:  The annual income of a person in Kerala is Rs 1,48,078-financial analysis report