ആലപ്പുഴ: കഴിഞ്ഞമാസം 14-ന് ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽനിന്ന് സിങ്കപ്പുർവരെ ഒരുവിമാനം പറന്നത് ഓരേയൊരു യാത്രക്കാരനുവേണ്ടിയായിരുന്നു. ആലപ്പുഴക്കാരൻ പ്രതാപ് പിള്ളയായിരുന്നു ആ യാത്രക്കാരൻ. ജർമനിയിലെ ഹാംബർഗിലെ ഹോട്ടലിലും താമസക്കാരൻ ഇദ്ദേഹം മാത്രമായിരുന്നു. ആ ഹോട്ടൽ പ്രവർത്തിച്ചതും ഇദ്ദേഹത്തുവേണ്ടിമാത്രം. ഇത്തരത്തിലൊരു അപൂർവ യാത്രാനുഭവത്തിന്റെ ത്രില്ലിലാണ് പ്രതാപ്.

ഒരു നോർവീജിയൻ ഷിപ്പിങ് കമ്പനിയിൽ വെസൽ മാനേജരാണ് പ്രതാപ് പിള്ള(46). ജോലിയുമായി ബന്ധപ്പെട്ട് സിങ്കപ്പുരിൽ താമസിക്കുന്നു. ആഴ്ചതോറുമെന്നോണം വിവിധരാജ്യങ്ങളിലേക്ക്‌ വിമാനയാത്രകൾ പതിവ്. ഇത്തരത്തിൽ ഔദ്യോഗിക കാര്യങ്ങൾക്കായി മാർച്ച് 12-നാണ് ജർമനിയിലെ ഹാംബർഗിൽ എത്തിയത്. ഇതിനിടെ ലോക്ഡൗൺ തുടങ്ങി. സിങ്കപ്പുരിലേക്ക്‌ മടങ്ങാനായിരുന്നു കമ്പനി അധികൃതരുടെ നിർദേശം. അപ്പോഴേക്കും ജർമനിയിൽനിന്നുള്ള അന്താരാഷ്‌ട്ര വിമാനങ്ങളെല്ലാം നിലച്ചു. ഇതോടെ മൂന്നുമാസം അവിടെ കുടുങ്ങി. അവിടെയൊരു ഹോട്ടലിൽ കമ്പനി താമസസൗകര്യം ഒരുക്കി. 250 മുറികളുള്ള ആ ഹോട്ടലിലെ ഒരേയൊരു താമസക്കാരനും താൻ മാത്രമായിരുന്നെന്ന് പ്രതാപ് പിള്ള പറയുന്നു. ജൂൺ ആദ്യമായപ്പോൾ ഇന്ത്യയിൽനിന്ന് വിമാനങ്ങൾ തുടങ്ങി. അതിൽ ഡൽഹിയിലും തുടർന്ന് നാടായ ആലപ്പുഴയിലും എത്താനായിരുന്നു ആലോചന. പിന്നീട്, ഇതുമാറ്റി സിങ്കപ്പുരിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ജൂൺ 14-ന് ഫ്രാങ്ക്ഫർട്ടിൽനിന്ന് പുറപ്പെടുന്ന വിമാനത്തിൽ ടിക്കറ്റ് കിട്ടി. 17 യാത്രക്കാർ അവിടെനിന്നുണ്ടെന്നായിരുന്നു വിവരം.

വിമാനത്താവളത്തിലെത്തിയപ്പോഴാണ് മറ്റുയാത്രക്കാരെല്ലാം ടിക്കറ്റ് റദ്ദാക്കിയ കാര്യം ഉദ്യോഗസ്ഥർ പറയുന്നത്. കോവിഡ് കാരണം ജർമനിയിലെ നിയന്ത്രണങ്ങൾ കർക്കശമാക്കിയിരുന്നു. വിമാനയാത്രയ്ക്ക് 24 മണിക്കൂർ മുൻപ് മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്ര സർക്കാർ അനുവദിക്കുന്ന തീയതിയിലെ നടക്കൂ. ഇതാകാം മറ്റു യാത്രക്കാർ വരാതിരിക്കാനുള്ള കാരണമെന്ന് പ്രതാപ് പറഞ്ഞു. വിമാനത്തിൽ യാത്രക്കാരനായി പ്രതാപ് പിള്ള മാത്രം. വിമാന ജീവനക്കാർ 10 പേർ. മറ്റു യാത്രക്കാരില്ലാത്തതിനാൽ സാമൂഹിക അകലത്തിന് പ്രശ്‌നവുമുണ്ടായില്ല. പറക്കാൻ 12 മണിക്കൂറെടുത്തു. സിങ്കപ്പുരിൽ എത്തി 14 ദിവസം ക്വാറന്റീനും പൂർത്തിയാക്കി.

ആലപ്പുഴ മണ്ണഞ്ചേരി കുറുപ്പംവീട് കുടുംബാംഗമാണ് ഇദ്ദേഹം. ആലപ്പുഴ തിരുമല ‘ഹരിതം’ വീട്ടിലാണ് താമസം. ആലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജിൽ അനസ്തീഷ്യ വിഭാഗത്തിലെ ഡോക്ടർ നന്ന പ്രതാപാണ് ഭാര്യ. മകൻ ഹരിശങ്കർ, ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേർഡ് സ്‌കൂളിൽ പ്ളസ് വൺ വിദ്യാർഥിയാണ്.