തിരൂര്‍: ഉണ്യാലില്‍ നബിദിന റാലിക്കുനേരേയുണ്ടായ ആക്രമണത്തില്‍ ആറുപേര്‍ക്ക് വെട്ടേറ്റു. 19 കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.

സമസ്ത ഇ.കെ. വിഭാഗത്തിന്റെ അധീനതയിലുള്ള ഉണ്യാല്‍ തേവര്‍കടപ്പുറത്തെ മിസ്ബാഹുല്‍ ഹുദ മദ്രസ സംഘടിപ്പിച്ച നബിദിനറാലി ഉണ്യാല്‍ ബീച്ച് പള്ളിക്ക് സമീപമെത്തിയപ്പോള്‍ വാളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

റാലിയിലുണ്ടായിരുന്ന ആറുപേര്‍ക്ക് വെട്ടേറ്റു. പരിഭ്രാന്തിയിലായി കുട്ടികളും മുതിര്‍ന്നവരും ചിതറിയോടി. ഇതിനിടയിലാണ് 19 കുട്ടികള്‍ക്ക് പരിക്കേറ്റത്.

വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ താനൂര്‍ പുതിയ കടപ്പുറത്തെ പുത്തന്‍പുരയില്‍ അന്‍സാറിനെ (26) കോഴിക്കോട് മെഡിക്കല്‍കോളേജ് ആസ്​പത്രിയിലും കാക്കാന്റെപുരയ്ക്കല്‍ സഖറിയ (28), പള്ളിമാന്റെ പുരയ്ക്കല്‍ ഫര്‍ഷാദ് (30), പുത്തന്‍പുരയ്ക്കല്‍ അഫ്‌സല്‍ (23), പള്ളിമാന്റെപുരയ്ക്കല്‍ സെയ്തുമോന്‍ (65), പുത്തന്‍പുരയില്‍ റബ്‌സാദ് (22) എന്നിവരെ കോട്ടയ്ക്കല്‍ മിംസ് ആസ്​പത്രിയിലും പ്രവേശിപ്പിച്ചു.

പരിക്കേറ്റവര്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരാണെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. അക്രമത്തിനിടയില്‍ പരിക്കേറ്റ 19 കുട്ടികളെ തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു.

ഉണ്യാലിലെ കോട്ടിലകത്ത് ഫാരിസ് (14), ആലിയാജീന്റെപുരയ്ക്കല്‍ ഫറാസ് (16), കമ്മുട്ടകത്ത് മുഹമ്മദ്‌സിനാന്‍ (14), കോട്ടിലകത്ത് അക്കു (14), കോട്ടിലകത്ത് ഹാദില്‍ (12), കമ്മുട്ടകത്ത് സജാദ് (12), കാക്കച്ചീന്റെപുരയ്ക്കല്‍ റിന്‍ഷാന്‍ (10), പുത്തന്‍പുരയില്‍ അനസ്(8), ഹാജിയാരകത്ത് ഉനൈസ് (11), കമ്മുട്ടകത്ത് മുഹമ്മദ്ഷഹല്‍ (13), കോടിയന്റെപുരയ്ക്കല്‍ മുഹമ്മദ്ഫായിസ് (9), ചെമ്പന്റെപുരയ്ക്കല്‍ ഷാഹിദ് (11), സാവാനാജീന്റെ പുരയ്ക്കല്‍ ഷമീം (8), ഹാജിയാരകത്ത് ഉനൈസ് (11), പള്ളിമാന്റെപുരയ്ക്കല്‍ ഖാലിദ് (10) എന്നിവരടക്കം 19 വിദ്യാര്‍ഥികളെയാണ് തിരൂര്‍ ജില്ലാ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്.

അക്രമത്തെത്തുടര്‍ന്ന് ഉണ്യാലില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. കടകള്‍ അടച്ചിട്ടു.

സി.പി.എമ്മാണ് അക്രമത്തിനു പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു. എന്നാല്‍ അക്രമത്തില്‍ പങ്കില്ലെന്ന് സി.പി.എം. താനൂര്‍ ഏരിയാകമ്മിറ്റി അറിയിച്ചു.



തിരൂര്‍: അക്രമത്തില്‍ പ്രതിഷേധിച്ച് താനൂര്‍ നിയോജകമണ്ഡലത്തില്‍ ഞായറാഴ്ച യു.ഡി.എഫ്. ഹര്‍ത്താല്‍ നടത്തും. രാവിലെ മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം എന്നിവയും ശബരിമല യാത്രക്കാരെയും നബിദിനറാലിയും ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.