തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ഓഫീസിനു മുമ്പില്‍ സ്ഥാപിച്ച ഗാന്ധിപ്രതിമയ്ക്കുനേരേ മാനസികാസ്വാസ്ഥ്യമുള്ളയാളുടെ അക്രമം. ഇരിങ്ങലിലെ ചിറമ്മലെവളപ്പില്‍ ദിനേശ(42)നാണ് അക്രമം നടത്തിയത്. പ്രതിമയുടെ മുഖത്തടിച്ചു. കണ്ണട തകര്‍ത്തു. മാല പൊട്ടിച്ചെറിഞ്ഞു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. അക്രമത്തിനുശേഷം രക്ഷപ്പെട്ട ദിനേശനെ പിന്നീട് പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തില്‍വിട്ടു.

രാവിലെ താലൂക്ക് ഓഫീസിലെത്തിയ ദിനേശന്‍ നേരേ ഗാന്ധിപ്രതിമയ്ക്ക് സമീപത്തെത്തി. പരിസരത്ത് ആളുകള്‍ കുറവായിരുന്നു. രണ്ടു മീറ്ററോളം ഉയരത്തിലുള്ള പീഠത്തിലാണ് ഗാന്ധിപ്രതിമ ഉറപ്പിച്ചിട്ടുള്ളത്. പീഠത്തില്‍ ദിനേശന്‍ കയറിനിന്നപ്പോള്‍ വൃത്തിയാക്കാനായിരിക്കുമെന്ന് സമീപത്തുണ്ടായിരുന്നവര്‍ കരുതി. എന്നാല്‍ മുഖത്തടിക്കുന്നതാണ് കണ്ടത്.

അക്രമംനടത്തി നിമിഷങ്ങള്‍ക്കകം താഴെയിറങ്ങിയ ദിനേശന്‍ ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്കു നടന്നകലുകയും ചെയ്തു. സംഭവം കണ്ടുനിന്നവര്‍ക്ക് ഭയം തോന്നിയതിനാല്‍ പിന്തുടര്‍ന്നില്ല. ഇവരിലൊരാള്‍ ദൃശ്യം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആളുകളെ വിളിച്ചുകൂട്ടി പോലീസില്‍ വിവരമറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍, എസ്.ഐ. ബിനു മോഹനന്‍ എന്നിവര്‍ പ്രതിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി.

നവമാധ്യമങ്ങളിലുള്‍പ്പെടെ ചിത്രം പ്രചരിപ്പിച്ചു. ചിത്രം തിരിച്ചറിഞ്ഞവരിലൊരാള്‍ ഡിവൈ.എസ്.പി. കെ.വി.വേണുഗോപാലനെ വിവരമറിയിച്ചു. തുടര്‍ന്ന് എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് ഇരിങ്ങലിലെ വീട്ടിലെത്തിയാണ് ദിനേശനെ പിടികൂടിയത്. ഇയാള്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണെന്ന് പോലീസ് അറിയിച്ചു.