തലയോലപ്പറമ്പിനടുത്ത് പീഡനത്തിരയായ പെൺകുട്ടിയും അവളുടെ കുടുംബവും ജീവനൊടുക്കിയപ്പോൾ തലതാഴ്ത്തി കേരളം...
പ്രകൃതിയെ നശിപ്പിച്ചുയർന്ന ചില അഹങ്കാര ഗോപുരങ്ങൾ കൊച്ചിയിൽ തകരുന്നതിന്റെ ചർച്ചയിലായിരുന്നു ശനിയാഴ്ച കേരളം. അതേ പകലിലാണ് അധികം അകലെയല്ലാത്ത തലയോലപ്പറമ്പിനടുത്ത് അവളും കുടുംബവും പാതാളത്തോളം തകർന്ന് എത്തുംപിടിയുമില്ലാതെ വലിയൊരു ആശങ്കയുടെ പൊടിവലയത്തിലായതും.
ഇനിയെന്ത് എന്നു ചിന്തിച്ചിട്ട് ഉത്തരംകിട്ടാത്ത പകൽ. ഇരയാണവൾ. പീഡിപ്പിച്ചവൻ തെല്ലും കുലുക്കമില്ലാതെ സിനിമയിലെ പോലീസ് വലയത്തിലെ നായകനെപ്പോലെ നടന്നുപോയി. വാദിയാകേണ്ട അവളോ? സമൂഹത്തിന്റെ മുള്ളുകളെ പേടിച്ച് ചില്ലയിൽനിന്ന് ഊർന്നുപോയ കിളിക്കുഞ്ഞിനെപ്പോലെ ചുരുങ്ങി. ഇനി ഒതുങ്ങാനിടമില്ലാതെ ഉള്ളിലേക്കു പതുങ്ങി അച്ഛനും അമ്മയും.
ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ ഇടമാകാൻ കോടികളുടെ ധാരണാപത്രങ്ങൾ ഒപ്പുവെച്ച് ഉണങ്ങുംമുമ്പേ സൗഹൃദം ഒട്ടും ലഭിക്കാതെ അവർ മൂന്നുപേർ. മൂന്നുപേരുണ്ടായിട്ടും മൂന്നു തുരുത്തുപോലെ. ആരെങ്കിലും ഒന്നു വിളിച്ചെങ്കിൽ എന്ന് ഒാർത്തുപോയിരിക്കണം. ഉണ്ടായില്ല. ചുറ്റുപാടുകൾ അപമാനിക്കുമെന്ന് ഉറപ്പിച്ചു. അതാണ് പഴയ സംഭവങ്ങളിലെ ഇരകളുടെ അനുഭവങ്ങളും. അതിൽ മാറ്റംവന്നോ? ഉവ്വെന്നു ചൂണ്ടാൻ ഉദാഹരണം ഒന്നുപോലുമില്ല.
ഇന്ന് ഭയം ഗ്രസിക്കുന്നവളെ നാളെ നിർഭയയെന്നു വിളിച്ച് ഉത്തരവാദിത്വം തീർക്കാൻ സമൂഹം കാത്തിരിക്കുകയല്ലേ? അതല്ലെങ്കിൽ രാവിലെ കാണുന്നയാൾ സ്ഥലപ്പേരു ചേർത്ത് ‘പെൺകുട്ടി’ എന്ന് ചൂണ്ടും. ഇരകളായവരുടെ ദുരനുഭവങ്ങൾ കണ്ണിലേക്ക് ഇരുട്ടുകയറ്റി.
കണ്ണീരൊപ്പാൻ ആരും വന്നില്ല. വനിതകളെ ആശ്വസിപ്പിക്കേണ്ട വകുപ്പുകൾ ശരിക്കും ‘സർക്കാർ’ വകുപ്പുതന്നെയെന്ന് തെളിയിച്ചു. അവയ്ക്ക് ഫയലുകളുടെ കെട്ടുണ്ട്. അത് അഴിയുംവരെ ഉറപ്പോടെ നിൽക്കാൻ മനസ്സ് സമ്മതിച്ചില്ല.
ഒന്നു ചേർത്തുപിടിക്കാനാളുണ്ടെങ്കിൽ നാളെയൊരുനാൾ നാടിന്റെ അഭിമാനമായി ഉയരേണ്ടവൾ ഉണർന്നപ്പോൾ കണ്ടത് ചലനമറ്റ അച്ഛനെയും അമ്മയെയും. അവർക്കു താങ്ങാൻ കഴിയാത്തത് തനിക്ക് ഒറ്റയ്ക്കാകുമോ? ആവണമെങ്കിൽ നാം ഇനിയും നിക്ഷേപിക്കണം, കരുതലും സഹാനുഭൂതിയും. ആകെ വറ്റിപ്പോയ കടലിൽ ഒരിറ്റ് ശ്വാസത്തിനായി പിടഞ്ഞ് ആ മകളൊരു പരൽമീനായി.
Content Highlights: Thalayolaparambu girl and family committed suicide after being raped