തലശ്ശേരി: ആര്‍.എസ്.എസ്. പ്രവര്‍ത്തകനും ബസ്‌ഡ്രൈവറുമായ ചാവശ്ശേരി കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമനെ(42) ബസ്സില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകരായ അഞ്ച് പ്രതികളെ കോടതി വെറുതെവിട്ടു.
22 പ്രതികളുണ്ടായിരുന്ന കേസില്‍ 17 പ്രതികളെ തെളിവില്ലെന്ന് കണ്ടെത്തി വിചാരണവേളയില്‍ കോടതി വെറുതെവിട്ടിരുന്നു. രണ്ടാംപ്രതി കീഴൂരിലെ പി.കെ.അബ്ദുള്‍ജലീല്‍ (42), പന്ത്രണ്ടാം പ്രതി മെരുവമ്പായി ഊരാലില്‍ക്കണ്ടി ഷര്‍മിഷ് (43), പതിമ്മൂന്നാംപ്രതി തലശ്ശേരി മൂഴിക്കര കരുവന്‍പുറത്ത് സുനില്‍കുമാര്‍ (43), പതിന്നാലാംപ്രതി ചമ്പാട് പന്ന്യന്നൂര്‍ മൂര്‍ത്തിക്കാട്ടില്‍ ഷാനവാസ് (44), പതിനാറാംപ്രതി പായത്തെ കെ.വിജയന്‍ (62) എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് ജഡ്ജി വി.ജയറാം കുറ്റക്കാരല്ലെന്ന് കണ്ടെത്തി വിട്ടത്.
പ്രതികള്‍ക്കെതിരെ പ്രാഥമിക തെളിവില്ലാത്തതിനാല്‍ ക്രിമിനല്‍ നടപടിചട്ടം 232 വകുപ്പ് പ്രകാരമാണ് 17 പ്രതികളെ വിചാരണവേളയില്‍ വെറുതെവിട്ടത്. സി.പി.എം. ജില്ലാകമ്മിറ്റിയംഗം കെ.ശ്രീധരന്‍, ഇരിട്ടി ഏരിയാകമ്മിറ്റി അംഗം പി.പി.ഉസ്മാന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് നേരത്തെ വിട്ടയച്ചത്.
2002 മെയ് 22ന് രാത്രി 8.15ന് ഇരിട്ടി കീഴൂര്‍ സ്‌കൂളിനടുത്തുവെച്ചാണ് സംഭവം.
തലശ്ശേരിയില്‍ നിന്ന് ഇരിട്ടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിന് ബോംബെറിഞ്ഞ് ബസ്സില്‍കയറി ഡ്രൈവറായ ഉത്തമനെ വെട്ടിക്കാലപ്പെടുത്തിയെന്നാണ് കേസ്.
വെട്ടേറ്റ ഉത്തമന്‍ ഡ്രൈവറുടെ സീറ്റില്‍ മരിച്ചനിലയിലായിരുന്നു. സി.പി.എം. ബി.ജെ.പി. പ്രവര്‍ത്തകര്‍ തമ്മില്‍ തലശ്ശേരിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമ്പോഴാണ് കൊലപാതകം നടന്നത്.
ഉത്തമന്റെ ശവദാഹത്തില്‍ പങ്കെടുത്ത് വരികയായിരുന്നവര്‍ സഞ്ചരിച്ച ജീപ്പിനുനേരെ തില്ലങ്കേരിയില്‍ നടന്ന ബോംബെറില്‍ ജീപ്പ്‌ഡ്രൈവര്‍ ഷിഹാബ്, യാത്രക്കാരിയായ കരിയില്‍ അമ്മുവമ്മ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നു.