തലശ്ശേരി: സി.പി.എം. പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണവേളയിൽ സി.പി.എം. അനുഭാവികളായ രണ്ടു സാക്ഷികൾ കൂറുമാറി. കൊറ്റാളി അരയമ്പേത്ത് ഒ.ടി.വിനീഷ് വെട്ടേറ്റു മരിച്ച കേസിലാണ് സാക്ഷികൾ കൂറുമാറിയത്. മൂന്നും അഞ്ചും സാക്ഷികളായ രാജേഷ്, ഷൈജു എന്നിവരാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(മൂന്ന്) മുമ്പാകെ വിചാരണവേളയിൽ കൂറുമാറിയത്.

സംഭവത്തിൽ പരിക്കേറ്റ ഒന്നാം സാക്ഷി വിമൽ വിദേശത്താണ്. രണ്ടാം സാക്ഷി ജലേഷ് വിചാരണയ്ക്ക് ഹാജരായില്ല. ആറാം സാക്ഷി ഷിജിൽ മൊഴിനൽകി. രാഷ്ട്രീയവിരോധംമൂലം എൻ.ഡി.എഫ്. പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്. അരയമ്പേത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിലിരിക്കുമ്പോഴാണ് വിനീഷിനും വിമലിനും വെട്ടേറ്റത്. എൻ.ഡി.എഫ്. പ്രവർത്തകരായ മനാഫ്, നൗഫൽ എന്നിവർ ബൈക്കിലെത്തി ആക്രമിച്ചെന്നാണ് കേസ്. മനാഫ് വാളുകൊണ്ട് വെട്ടി. നൗഫലാണ് ബൈക്കോടിച്ചത്. 2009 മേയ് 13-ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ 14-ന്‌ വിനീഷ് മരിച്ചു. ഒന്നാം പ്രതി മനാഫിനെ കണ്ടെത്താനായില്ല. ഐ.എസിൽ ചേർന്ന മനാഫ് കൊല്ലപ്പെട്ടെന്നാണ് പോലീസ് റിപ്പോർട്ട്. രണ്ടാം പ്രതി നൗഫലാണ് വിചാരണ നേരിടുന്നത്.

തിങ്കളാഴ്ചയാണ് കേസിന്റെ വിചാരണ തുടങ്ങാനിരുന്നത്. എന്നാൽ ഹർത്താലിനെത്തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. രണ്ടാംസാക്ഷിയുൾപ്പെടെ ആറു സാക്ഷികളെ ബുധനാഴ്ച വിസ്തരിക്കും.