തലശ്ശേരി: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മൂന്നുദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. പെട്ടിപ്പാലം കോളനിയിലെ കെ.കെ.നാസറിന്റെയും മുര്‍ഷീനയുടെയും കുഞ്ഞാണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് കുഞ്ഞിന് ചലനമില്ലാത്തത് രക്ഷിതാക്കള്‍ കണ്ടത്. ഉടന്‍ ജനറല്‍ ആസ്​പത്രിയിലെത്തിച്ചു. ഡോക്ടര്‍മാര്‍ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയായിരുന്നു ജനറല്‍ ആസ്​പത്രിയില്‍ കുഞ്ഞിനെ പ്രസവിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് ആസ്​പത്രിയില്‍നിന്ന് അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയത്.

ആസ്​പത്രിയിലെത്തുംമുമ്പ് മരിച്ചതിനാല്‍ മൃതദേഹപരിശോധന നടത്തി മാത്രമേ മൃതദേഹം വിട്ടുതരാനാകുകയുള്ളൂവെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചത് തര്‍ക്കത്തിനിടയാക്കി. മൃതദേഹപരിശോധന നടത്തേണ്ടെന്നും പരാതിയില്ലെന്ന് രക്ഷിതാക്കള്‍ എഴുതിനല്‍കാമെന്ന് അറിയിച്ചിട്ടും ആസ്​പത്രി അധികൃതര്‍ സമ്മതിച്ചില്ല.

മൃതദേഹപരിശോധന നടത്തുകയാണെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങുകയില്ലെന്ന് ബന്ധുക്കളും നാട്ടുകാരും പോലീസിനെ അറിയിച്ചു. തുടര്‍ന്ന്, പോലീസ് ആസ്​പത്രി അധികൃതരുമായി സംസാരിച്ചതിനെത്തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കാന്‍ തയ്യാറായത്. കുഞ്ഞിന്റെ മൃതദേഹം പുന്നോല്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.