തലശ്ശേരി: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ, പി.ഡി.പി. ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മഅദനി തലശ്ശേരിയില്‍നടന്ന മകന്റെ വിവാഹ ച്ചടങ്ങില്‍ പങ്കെടുത്തു. ബുധനാഴ്ച രാവിലെ തലശ്ശേരിയിലെത്തിയ മഅദനി ഉച്ചയ്ക്ക് നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന നിക്കാഹില്‍ പങ്കെടുത്തു. എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ടുള്ള മഅദനിയുടെ സ്വാഗതഭാഷണത്തോടെയാണ് ചടങ്ങ് തുടങ്ങിയത്.

സ്വന്തം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജി.എസ്.ടി. കൊടുത്തു വരേണ്ടിവന്ന ആദ്യ പിതാവാണ് താനെന്ന് മഅദനി പറഞ്ഞു. അങ്ങനെയാണെങ്കിലും മഹത്തായ, പ്രൗഢമായ, എല്ലാ അര്‍ഥത്തിലും സന്തോഷനിര്‍ഭരമായ സദസ്സില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷവും സമാധാനവുമുണ്ട്. സുപ്രീംകോടതിയുടെ ശക്തമായ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

നിക്കാഹിന് സയ്യിദ് ജഫ്രി തങ്ങള്‍ കാര്‍മികത്വം വഹിച്ചു. ടി.എസ്. ഇബ്രാഹിം അറബി കുത്തുബ നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ഇ.പി. ജയരാജന്‍ എം.എല്‍.എ., സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി എന്നിവര്‍ ആശംസ നേര്‍ന്നു. മഅദനിയുടെ മകന്‍ ഉമര്‍ മുഖ്താര്‍ അഴിയൂര്‍ ഹാജിയാര്‍ പള്ളിക്കു സമീപത്തെ ബൈത്തുല്‍ നിഹ്മത്തില്‍ ഇല്യാസ് പുത്തന്‍പുരയിലിന്റെ മകള്‍ നിഹ്മത്ത് ജബിനെയാണ് വിവാഹം കഴിച്ചത്. പി.ഡി.പി. പ്രവാസി സംഘടന അബുദാബി ശാഖ പ്രസിഡന്റാണ് ഇല്യാസ് പുത്തന്‍ പുരയില്‍.

പി.ടി.എ. റഹീം എം.എല്‍.എ., സി.പി.എം. ജില്ലാസെക്രട്ടറി പി. ജയരാജന്‍, കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ. രമേശന്‍, നഗരസഭാ ഉപാധ്യക്ഷ നജ്മ ഹാഷിം, മുന്‍ എം.എല്‍.എ. നീലലോഹിതദാസന്‍ നാടാര്‍, നസറുദീന്‍ എളമരം, ഒ. അബ്ദുള്ള, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഅദനി എത്തുന്നതിനാല്‍ തലശ്ശേരി റെയില്‍വേസ്റ്റേഷനിലും നഗരത്തിലും പോലീസ് കനത്തസുരക്ഷ ഒരുക്കിയിരുന്നു. ഡിവൈ.എസ്.പി. പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തില്‍ സായുധപോലീസും ബോംബ് സ്‌ക്വാഡുമുള്‍പ്പെടെ മഫ്തി പോലീസും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലയുറപ്പിച്ചു. സുരക്ഷയ്ക്കായി നിയോഗിച്ച കര്‍ണാടക പോലീസ് സംഘവും നഗരത്തിലെത്തി.