കൊച്ചി: റബ്ബർക്കൃഷി 21 ശതമാനം കുറയ്ക്കാൻ തായ്‌ലാൻഡ് തീരുമാനിച്ചത് അന്താരാഷ്ട്രതലത്തിൽ റബ്ബർവില ഉയർത്തിയേക്കും. അതിന്റെ പ്രതിഫലനം നമ്മുടെ നാട്ടിലുമുണ്ടായേക്കും. ലോകത്ത് ആകെയുള്ള പ്രകൃതിദത്ത റബ്ബറിന്റെ 40 ശതമാനവും ഉത്പാദിപ്പിക്കുന്നത് തായ്‌ലാൻഡാണ്. 20 വർഷംകൊണ്ട് റബ്ബർപ്ലാന്റേഷൻ 21 ശതമാനം കുറയ്ക്കാനാണ് അവർ തീരുമാനിച്ചിരിക്കുന്നത്. മറ്റു വിളകളിലേക്ക് മാറാൻ അഞ്ചുവർഷം മുമ്പ് അവർ കർഷകരോട് ഉപദേശിച്ചിരുന്നു. ഈവർഷം മേയ് അവസാനംമുതൽ സെപ്റ്റംബർവരെ കയറ്റുമതി കുറച്ചിരുന്നു.

തായ്‌ലാൻഡിലെ ഉത്‌പാദനം

37.3 ലക്ഷം ഹെക്ടറിലാണ് തായ്‌ലാൻഡിൽ റബ്ബർ കൃഷിയുള്ളത്. ഇത് 29.4 ലക്ഷം ഹെക്ടറിലേക്ക് ചുരുക്കാനാണ് ആലോചന. ഓരോ 0.16 ഹെക്ടറിലുമുള്ള ഉത്പാദനം 60 ശതമാനം കൂട്ടുക, ശരാശരി വരുമാനം 65 ശതമാനം വർധിപ്പിക്കുക, ആഭ്യന്തര ഉപയോഗം ഇപ്പോഴത്തെ 13 ശതമാനത്തിൽനിന്ന് 35 ശതമാനമാക്കുക തുടങ്ങിയവയും തായ്‌ലാൻഡിന്റെ ലക്ഷ്യങ്ങളാണ്.

പോസിറ്റീവ് ട്രെൻഡ്

ഏറ്റവും വലിയ ഉത്പാദകരായ തായ്‌ലാൻഡിന്റെ പുതിയ തീരുമാനങ്ങൾ ആഗോള വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് റബ്ബർബോർഡ് അധികൃതർ പറഞ്ഞു. ഇത്തരം പോസിറ്റീവ് വാർത്തകൾപോലും ഊഹവിപണിയെ സഹായിക്കും. കംബോഡിയ, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളിൽ ഉത്പാദനം വർധിച്ചിരിക്കുന്നതിനാൽ തായ്‌ലാൻഡ് കൃഷി കുറച്ചാലും ആഗോളവിപണിയിൽ വലിയ ചലനം പ്രതീക്ഷിക്കാനാകില്ലെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.

നാട്ടിലെ റബ്ബർവില സ്ഥിരതയിൽ

ഒരുമാസത്തോളമായി 130 രൂപയുടെ പരിസരത്താണ് ആർ.എസ്.എസ്.-നാലിനം റബ്ബറിന്റെ വില. എങ്കിലും വിപണിയിൽ റബ്ബർ കുറവാണ്. തണുപ്പുകാലമാകുമ്പോൾ കുറച്ച് ഉത്പാദനം കൂടാമെങ്കിലും വിലകൂടാൻ സാധ്യത കുറവാണെന്ന് റബ്ബർബോർഡ് വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ സാമ്പത്തികരംഗത്ത് മാന്ദ്യമായതിനാൽ ഇറക്കുമതിക്ക് ഈ മാസങ്ങളിലുള്ള കരാറുകൾ അടുത്തവർഷത്തേക്ക് നീട്ടിയിരിക്കുകയാണ് വൻകിട വ്യവസായികൾ. നാട്ടിൽനിന്ന് വാങ്ങുന്നതും കുറച്ചു. ഇതാണ് വിലകൂടാതിരിക്കാൻ കാരണം.

content ighlights: Thailand likely to reduce rubber cultivation