ആദിഷ് ലാൽമയ്യഴി: തിരഞ്ഞെടുപ്പ് റോഡ് ഷോയുടെ സമാപനത്തിനിടെ പ്രചാരണത്തിനുപയോഗിച്ച മിനിലോറിയുടെ ടയറിനടിയിൽപ്പെട്ട് പത്തുവയസ്സുകാരൻ മരിച്ചു.

മാഹി വളവിൽ അയ്യപ്പക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിൽ ആദിഷ് ലാൽ ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 6.15-ഓടെ കുട്ടിയുടെ വീടിനടുത്തുവെച്ചാണ് അപകടം.

എൻ.ഡി.എ. സ്ഥാനാർഥി വി.പി. അബ്ദുൾ റഹ്മാന്റെ റോഡ് ഷോയുടെ സമാപനം വളവിൽ നടക്കുകയായിരുന്നു. ഇതിനിടെ സൈക്കിളിൽ വന്ന ആദിഷ് പ്രചാരണ വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. മിനിലോറിയുടെ പിൻചക്രം ദേഹത്ത്‌ കയറി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മാഹി ആശുപത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാഹി പോലീസ് സ്പെഷ്യൽ ബ്രാഞ്ചിലെ ഹോം ഗാർഡ് വിശ്വലാലിന്റെയും ദൃശ്യയുടെയും മകനാണ്. ഗവ. എൽ.പി. സ്കൂൾ അഞ്ചാംക്ലാസ് വിദ്യാർഥിയാണ്. സഹോദരൻ: അലൻ ലാൽ (ഏഴാം ക്ലാസ് വിദ്യാർഥി, ജെ.എൻ. അനക്സ് സ്കൂൾ, മാഹി).