കാസർകോട്: ഭാര്യയുടെയും ഭാര്യാമാതാവിന്റെയും ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ ഭർത്താവിന് 10 വർഷം തടവും 50,000 രൂപ പിഴയായും വിധിച്ചു. ബന്തടുക്ക ചിക്കണ്ടമൂല സ്വദേശി ടി.കെ. സതീശനെ (32) ആണ് ജില്ലാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എ.വി. ഉണ്ണിക്കൃഷ്ണൻ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷംകൂടി തടവ് അനുഭവിക്കണം.

2016 ഏപ്രിൽ 24-നാണ് സംഭവം. പ്രതിയുടെ ആസിഡ് ആക്രമണത്തിൽ യുവതിയുടെ ഇടത് കണ്ണിന്റെ കാഴ്ച പകുതി നഷ്ടപ്പെട്ടിരുന്നു. വൈദ്യുതി ഓഫ് ചെയ്തശേഷം ആസിഡിൽ ബ്രഷ് മുക്കിയായിരുന്നു ആക്രമണം. ബേഡകം എസ്‌.ഐ. ആയിരുന്ന ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ എം. രാഘവൻ ഹാജരായി. ആസിഡ് ആക്രമണത്തിനെതിരേയുള്ള ഇന്ത്യൻ ശിക്ഷാനിയമം 326 (എ) വകുപ്പ് പ്രകാരം ഏറ്റവും ഉയർന്ന ശിക്ഷയാണ് പ്രതിക്ക് വിധിച്ചത്.