കാസർകോട്: മിയാപ്പദവ് വിദ്യാവർധക സ്‌കൂൾ അധ്യാപിക ബി.കെ.രൂപശ്രീയെ സഹാധ്യാപകനും സഹായിയും ചേർന്ന് വീപ്പയിലെ വെള്ളത്തിൽ മുക്കി കൊന്ന് കടലിൽത്തള്ളിയതാണെന്ന് തെളിഞ്ഞു. ഇരുവരെയും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. സതീഷ് ആലക്കാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. സ്കൂളിലെ ചിത്രകലാധ്യാപകൻ ആസാദ് റോഡിലെ കെ.വെങ്കിട്ടരമണ കാരന്ത്(41), തൊട്ടടുത്ത വാടകവീട്ടിൽ താമസിക്കുന്ന സഹായി മിയാപ്പദവ് സ്വദേശി നിരഞ്ജൻകുമാർ എന്ന അണ്ണ(22) എന്നിവരാണ് അറസ്റ്റിലായത്.

ജനുവരി പതിനാറിന് കാണാതായ രൂപശ്രീയുടെ മൃതദേഹം പതിനെട്ടിന് പുലർച്ചെ കുമ്പള കോയിപ്പാടി കടപ്പുറത്താണ് കണ്ടെത്തിയത്. വെള്ളം ഉള്ളിൽച്ചെന്നാണ് മരണമെന്നാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ നടത്തിയ മൃതദേഹപരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ അധ്യാപിക കടലിൽച്ചാടി ആത്മഹത്യചെയ്തതാകാമെന്ന് സംശയമുയർന്നെങ്കിലും നാട്ടുകാരും സഹപ്രവർത്തകരും കൊലപാതകം സംശയിച്ചു. ഇപ്പോൾ പിടിയിലായ വെങ്കിട്ടരമണയെ മഞ്ചേശ്വരം പോലീസ് പലതവണ ചോദ്യംചെയ്ത് വിട്ടതാണ്. നാട്ടുകാരുടെ സമ്മർദത്തെത്തുടർന്ന് രണ്ടുദിവസം മുമ്പാണ് കേസ് ക്രൈംബ്രാഞ്ചിനുവിട്ടത്.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ നിരന്തരചോദ്യംചെയ്യലിൽ വെങ്കിട്ടരമണ കുറ്റം സമ്മതിച്ചു. ഇയാളുമായി അടുപ്പംപുലർത്തിയുന്ന രൂപശ്രീ കുറച്ചുനാളായി അകലാൻതുടങ്ങിയതാണ് കൊലപാതത്തിലേക്കുനയിച്ചത്. ഇതിനായി ജനുവരി 13 മുതൽ ഇയാൾ സ്കൂളിൽനിന്ന് അവധിയെടുത്തു. പതിനാറിന് വൈകുന്നേരം നിരഞ്ജനോട് തന്റെ വീട്ടിൽ കാത്തിരിക്കാനാവശ്യപ്പെട്ടശേഷം കാറിൽ രൂപശ്രീയെക്കൂട്ടിവന്നു. അവിടെവെച്ച് ഇരുവരും ‍വഴക്കിട്ടു.

കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ തലമുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചപ്പോൾ പിടിത്തം വിടുവിച്ച് ഓടിയ രൂപശ്രീയെ നേരത്തേ വീട്ടിൽ കാത്തിരുന്ന നിരഞ്ജൻ പിടികൂടി. പിന്നാലെവന്ന വെങ്കിട്ടരമണയും ചേർന്ന് വീണ്ടും കുളിമുറിയിലേക്ക് കൊണ്ടുപോയി അവിടെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു. മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്ന് കാറിന്റെ ഡിക്കിയിലിട്ടു. മംഗളൂരുവിൽപ്പോയി വരികയായിരുന്ന ഭാര്യയെ വെങ്കിട്ടരമണ ഇതേകാറിൽ ഹൊസങ്കടിയിൽച്ചെന്ന് കൂട്ടി വീട്ടിൽവിട്ടശേഷം അവിടെനിന്നിറങ്ങി. പലേടത്തും ചുറ്റി രാത്രി പത്തോടെ മൃതദേഹം മഞ്ചേശ്വരം കണ്വതീർഥയിൽവെച്ച് കടലിൽത്തള്ളിയെന്ന് അന്വേഷണസംഘം പറഞ്ഞു.

നിരഞ്ജനെ വെങ്കിട്ടരമണയുടെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. വെങ്കിട്ടരമണയുടെ കാറിൽ ഫൊറൻസിക് സംഘം പരിശോധന നടത്തി. കൊല്ലപ്പെട്ട രൂപശ്രീയുടേതെന്നുകരുതുന്ന മുടിയിഴകൾ കാറിലും ശരീരം ഉരഞ്ഞതുപോലുള്ള പാട്‌ ഡിക്കിയിൽ സൂക്ഷിച്ചിട്ടുള്ള സ്റ്റെപ്പിനിച്ചക്രത്തിലും കണ്ടെത്തിയതായി ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ എ.ബാലചന്ദ്രൻ, പി.ബാബു, സിവിൽ പോലീസ് ഓഫീസർമാരായ പ്രജീഷ്, ലത്തീഫ്, പ്രതീഷ് ഗോപാലൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ വെള്ളിയാഴ്ച രാത്രി ഒൻപതോടെ കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് -രണ്ട് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlight: Teacher's death: Teacher and his associate  arrested