പാവറട്ടി: വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം കഠിനതടവും 2.15 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം ഒമ്പതുമാസവുംകൂടി ശിക്ഷ അനുഭവിക്കണം.

സാന്മാര്‍ഗികശാസ്ത്രം (മോറല്‍ സയന്‍സ്) അധ്യാപകന്‍ നിലമ്പൂര്‍ ചീരക്കുഴി കാരാട്ട് വീട്ടില്‍ അബ്ദുല്‍റഫീഖി(44)നെയാണ് കോടതി ശിക്ഷിച്ചത്. പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നശേഷം തൃശ്ശൂര്‍ ജില്ലയില്‍ ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബുവാണ് വിധി പ്രഖ്യാപിച്ചത്.

2012-ലാണ് സംഭവം. സ്‌കൂളില്‍നിന്ന് വിനോദയാത്ര പോയി തിരിച്ചുവരുന്ന സമയത്ത് ബസിന്റെ പിന്‍സീറ്റില്‍ തളര്‍ന്നു മയങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എസ്. ബിനോയ് ഹാജരായി.

20 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകള്‍ ഹാജരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന എം.കെ. രമേഷും ഇന്‍സ്‌പെക്ടറായ എ. ഫൈസലുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളായ അധ്യാപകര്‍ കൂറുമാറിയിരുന്നു.