പൊയിനാച്ചി: സാമൂഹികമാധ്യമത്തിലെ ചാറ്റിങ്ങിൽ കുരുങ്ങി വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകനായ ആദൂർ സി.എ. നഗറിലെ എ. ഉസ്മാനെ (25) ആണ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ എട്ടിന് രാത്രിയാണ് ഇതേ സ്കൂളിലെ എട്ടാം ക്ലാസുകാരി തൂങ്ങിമരിച്ചത്. ഞായറാഴ്ച ബേക്കൽ സബ് ഡിവിഷൻ ഓഫീസിലെത്തിച്ച പ്രതിയെ ഡിവൈ.എസ്.പി. സി.കെ. സുനിൽകുമാർ ചോദ്യം ചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തി.

പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ ആദ്യം അസ്വാഭാവിക മരണത്തിനാണ് മേൽപ്പറമ്പ് പോലീസ് കേസെടുത്തത്. കുട്ടി ഉപയോഗിച്ച മൊബൈൽഫോൺ പരിശോധിച്ചപ്പോൾ ലൈംഗിക ചാറ്റിങ്ങിലൂടെ നിരന്തരമായി ഉസ്മാൻ പെൺകുട്ടിയെ പിന്തുടർന്നിരുന്നതായി വ്യക്തമായി. പോക്സോ നിയമം, ബാലനീതിവകുപ്പ്, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ചുമത്തി ഉസ്മാനെതിരേ മേൽപ്പറമ്പ് പോലീസ് ജില്ലാ സെഷൻസ് കോടതിയിൽ പിന്നീട് റിപ്പോർട്ട് നൽകി.

ഇതിനിടെ ഉസ്മാൻ കർണാടകത്തിലേക്ക് കടന്നതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവിൽ കർണാടക പോലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയിലേക്ക് കടന്ന് വിദേശത്തേക്ക് പോകാനായി ശ്രമംനടത്തുന്നതായി മനസ്സിലാക്കിയ അന്വേഷണസംഘം പിന്നീട് തന്ത്രപൂർവം ഉസ്മാനെ പിടികൂടുകയായിരുന്നു. മേൽപ്പറമ്പ് ഇൻസ്പെക്ടർ ടി. ഉത്തംദാസ്, പ്രിൻസിപ്പൽ എസ്.ഐ. വി.കെ. വിജയൻ, എസ്.ഐ. കെ.എം. ജോൺ, എ.എസ്.ഐ.മാരായ മധുസൂദനൻ, അരവിന്ദൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ശ്രീജിത്ത്, ജോസ് വിൻസൻറ്, ദീപക്, നിഷാന്ത്, നികേഷ്, സുരേഷ്, ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

കോടതിയിൽ ഹാജരാക്കിയ ഉസ്മാനെ ഒക്ടോബർ ഒന്നുവരെ റിമാൻഡ് ചെയ്ത് ഹൊസ്ദുർഗ് സബ് ജയിലിലടച്ചു. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അടുത്തദിവസംതന്നെ അപേക്ഷ നൽകുമെന്ന് മേൽപ്പറമ്പ് പോലീസ് പറഞ്ഞു.