തിരുവനന്തപുരം: അറബിക്കടലിൽ ടൗട്ടേ ചുഴലിക്കാറ്റ് രൂപമെടുക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അതിജാഗ്രത. കാറ്റിന്റെ സഞ്ചാരപഥത്തിൽ ഇല്ലെങ്കിലും കേരളത്തിൽ അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

വെള്ളിയാഴ്ച ഏഴ് ജില്ലകളിലും ശനിയാഴ്ച ആറുജില്ലകളിലും ഞായറാഴ്ച രണ്ട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വകുപ്പുകളോട് സജ്ജമാകാൻ മുഖ്യമന്ത്രി നിർദേശംനൽകി.

ലക്ഷദ്വീപിനടുത്ത് തെക്കുകിഴക്കൻ അറബിക്കടലിൽ വെള്ളിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇത് ശനിയാഴ്ച കൂടുതൽ ശക്തിപ്രാപിക്കും. ഞായറാഴ്ചയോടെ ചുഴലിക്കാറ്റായി മാറി വടക്ക്-വടക്ക് പടിഞ്ഞാറ് സഞ്ചരിക്കും. കാറ്റിന്റെ ഗതിയെക്കുറിച്ച് ഇപ്പോൾ വ്യക്തമായ പ്രവചനം നടത്തിയിട്ടില്ല.

കേരള തീരത്ത് 80 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ശനിയാഴ്ചവരെ ഇത് തുടരും. ഞായറാഴ്ച കാറ്റിന് ശക്തികൂടും.

മത്സ്യബന്ധനം നിരോധിച്ചു

കേരളതീരത്ത് ബുധനാഴ്ച അർധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ആരും കടലിൽ പോകരുത്.

ഓറഞ്ച് അലർട്ട്

മേയ് 14: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

15: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

16: കണ്ണൂർ, കാസർേകാട്

യെല്ലോ അലർട്ട്

13: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി

14: തിരുവനന്തപുരം, മലപ്പുറം

15: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്

16: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ

തലസ്ഥാനത്ത് വായുസേനയുടെ ഹെലികോപ്‌റ്റർ

പെരുമഴയ്ക്കുള്ള മുന്നറിയിപ്പ് കണക്കിലെടുത്ത് രക്ഷാപ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്ത് ഹെലികോപ്റ്റർ എത്തിക്കുമെന്ന് വായുസേന അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വൈദ്യുതി മുടങ്ങിയാൽ കോവിഡ് ചികിത്സ പ്രതിസന്ധിയിലാവും

യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ വൈദ്യുതി ബോർഡ്

എല്ലാ ആശുപത്രിയിലും ജനറേറ്റർ

: കാറ്റിലും മഴയിലും വൈദ്യുതി ബന്ധം തടസ്സം ഒഴിവാക്കാൻ എല്ലാ ഒരുക്കങ്ങളും നടത്താൻ വൈദ്യുതി ബോർഡിന് നിർദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. പകരം സംവിധാനമായി എല്ലാ ആശുപത്രിയിലും ജനറേറ്റർ സ്ഥാപിക്കും.

ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകളിലും മുടങ്ങാതെ വൈദ്യുതി എത്തിയില്ലെങ്കിൽ കോവിഡ് രോഗികളുടെ ചികിത്സ പ്രതിസന്ധിയിലാവുന്ന സാഹചര്യമുണ്ട്. ഇതൊഴിവാക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കും നിർദേശം നൽകിയിട്ടുണ്ട്.

വൈദ്യുത തകരാർ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കാൻ കർമസേനകൾക്ക് വൈദ്യുതി ബോർഡ് രൂപം നൽകി.

വിളിക്കാം 1077

ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാം.

content highlights: tauktae cyclone: heavy rain and storm likely in kerala