തിരുവനന്തപുരം: ആൾത്തുള വൃത്തിയാക്കുന്ന ബാൻഡിക്കൂട്ട് എന്ന റോബോട്ട് ഇനി ടാറ്റ നിർമിക്കും. റോബോട്ടിന്റെ വൻതോതിലുള്ള നിർമാണത്തിന് കേരള സ്റ്റാർട്ടപ്പ്മിഷന്റെ മേൽനോട്ടത്തിലുള്ള ജെൻറോബോട്ടിക്‌സ് ഇന്നവേഷൻസും ടാറ്റാ മോട്ടോഴ്‌സിന്റെ സഹസ്ഥാപനമായ ടാറ്റാ ബ്രബോയും ധാരണയായി.

ആൾത്തുളകൾ വൃത്തിയാക്കാൻ ആദ്യമായി റോബോട്ടിനെ വികസിപ്പിച്ച സ്ഥാപനമാണ് ജെൻറോബോട്ടിക്‌സ്. സാമൂഹിക പ്രശ്‌നങ്ങൾക്ക് റോബോട്ടിക്‌സിലൂടെ പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ 2015-ലാണ് തിരുവനന്തപുരം ആസ്ഥാനമായി ജെൻറോബോട്ടിക്‌സ് സ്ഥാപിച്ചത്. ആൾത്തുളകൾ വൃത്തിയാക്കാൻ മനുഷ്യരെ ഉപയോഗിക്കുന്ന രീതി 2020-ഓടെ ഇന്ത്യയിൽ അവസാനിപ്പിക്കാനാണ് സ്ഥാപനം ഊന്നൽ നൽകുന്നത്. ഇതിനായി ‘മിഷൻറോബോഹോൾ’ എന്ന ദൗത്യവുമായി മുന്നോട്ടുപോകുകയാണ് ജെൻറോബോട്ടിക്‌സ്.

ഇന്ത്യയുടെ ആദ്യ തദ്ദേശീയ റോബോട്ട് ഉത്പാദക കമ്പനിയായ ടാറ്റാ ബ്രബോയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ബ്രബോ റോബോട്ടിക്‌സ് ആൻഡ് ഓട്ടോമേഷൻ ലിമിറ്റഡ്.

Content Highlights: tata will build manhole cleaning robots