കണ്ണൂർ: ‘ഞാൻ എന്നും കോൺഗ്രസുകാരനാണ്, മരിച്ചാൽ ത്രിവർണ പതാക പുതപ്പിക്കണം. 1940-ൽ ഗാന്ധിജി ആഹ്വാനംചെയ്ത വ്യക്തിസത്യാഗ്രഹത്തിൽ പത്താമത്തെ വയസ്സിൽ പങ്കെടുത്തയാളാണ് ഞാൻ -പ്രമുഖ എഴുത്തുകാരൻ ടി.പത്മനാഭൻ പറഞ്ഞു. തന്നെ സന്ദർശിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരീഖ് അൻവറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി.യുടെ നൂറാംവാർഷികത്തിൽ പ്രമുഖ വ്യക്തികളെ ആദരിക്കുന്ന ‘പ്രതിഭാദരം’ ചടങ്ങിന്റെ ഉദ്ഘാടനത്തിനായാണ് താരീഖ് അൻവറും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ പത്മനാഭന്റെ പള്ളിക്കുന്നിലെ വീട്ടിലെത്തിയത്. ‘കോൺഗ്രസ് ജയിക്കുമോ, എനിക്ക് അത്ര വിശ്വാസം പോര’ എന്നാണ് ടി.പത്മനാഭൻ താരീഖ് അൻവറിനോട് പറഞ്ഞത്. ‘ഞങ്ങൾ നന്നായി പരിശ്രമിക്കുന്നു’ എന്ന് താരീഖ് അൻവർ ചിരിച്ചുകൊണ്ട് മറുപടിയും പറഞ്ഞു.

എ.ഐ.സി.സി. സെക്രട്ടറി പി.വി മോഹനൻ മംഗലാപുരം സ്വദേശിയാണെന്നറിഞ്ഞപ്പോൾ ഞാനും മംഗലാപുരത്ത് കുറച്ചുകാലം വിദ്യാർഥിയായിരുന്നുവെന്ന് പത്മനാഭൻ പറഞ്ഞു.

പ്രതിപക്ഷ നേതാവ്‌ ‌രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്രയെ കുറിച്ചും താരീഖ് അൻവർ ടി.പത്മനാഭനോട് പറഞ്ഞു.

ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി.അനിൽകുമാർ, കെ.പി.സി.സി.യുടെ ‘പ്രതിഭാദരം’ കോ ഓഡിനേറ്റർ എം.എ.ഷഹനാസ് എന്നിവരും പങ്കെടുത്തു.

Content Highlight: Tariq Anwar meets writer T Padmanabhan