കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണതേടി കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽസെക്രട്ടറി താരിഖ് അൻവർ അഖിലേന്ത്യാ സുന്നി ജംഇയത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുമായി കൂടിക്കാഴ്ച നടത്തി.

മതേതരത്വം ശക്തിപ്പെടുത്തുന്നതിൽ കോൺഗ്രസ് പിറകോട്ടു പോവുന്നതായി സംശയമുണ്ടെന്ന് കാന്തപുരം പറഞ്ഞു. ഇക്കാര്യത്തിൽ ഉചിതമായ നടപടി വേണം. എല്ലാവരുടെയും വിശ്വാസവും ആർജിക്കാൻ കഴിയണം. പാർലമെന്റിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽപോരാ. പ്രാദേശിക വിഷയങ്ങളിൽകൂടി സക്രിയമായി ഇടപെടുന്ന രീതിയിലേക്ക് കോൺഗ്രസിന്റെ പ്രവർത്തനശൈലി മാറണമെന്നും കാന്തപുരം നിർദേശിച്ചു.

കൂടിക്കാഴ്ച ഇരുപത് മിനിറ്റോളം നീണ്ടു. ഹജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എ.ഐ.സി.സി. സെക്രട്ടറി ടി.വി. മോഹൻ, കെ.പി.സി.സി. വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് എന്നിവരുമുണ്ടായിരുന്നു.

കണ്ടത് അനുഗ്രഹത്തിന്

തൃശ്ശൂർ: കാന്തപുരത്തെ കണ്ടത് അനുഗ്രഹത്തിനു വേണ്ടിയാണെന്ന് താരിഖ് അൻവർ പറഞ്ഞു. എല്ലാ മതവിഭാഗത്തിലെയും നേതാക്കളെ കോൺഗ്രസ് കൂടെനിർത്തുന്നുണ്ട്. ബിഷപ്പുമാരെയും കണ്ടിരുന്നു. മതേതര നിലപാടാണ് കോൺഗ്രസിന്റേതെന്നും താരിഖ് അൻവർ പറഞ്ഞു. എ.ഐ.സി.സി. സെക്രട്ടറി ഇവാൻ ഡിസൂസ, ഡി.സി.സി. പ്രസിഡന്റ് എം.പി. വിൻസന്റ്, പദ്മജാ വേണുഗോപാൽ, കെ.കെ. കൊച്ചുമുഹമ്മദ്, കെ.പി. അനിൽകുമാർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlight: Tariq Anwar meets  kanthapuram.