പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അതിർത്തി ജില്ലകളിലെ ചെക്പോസ്റ്റുകളിലും ദേശീയപാതയുൾപ്പെടെയുള്ള വഴികളിലും പരിശോധന കർശനമാക്കുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഒമ്പത് ചെക് പോസ്റ്റുകളിലും പരിശോധന തുടങ്ങി. 50,000 രൂപയ്ക്ക് മുകളിൽ പണമായി കൈയിൽ സൂക്ഷിക്കുന്നവരെയാണ് പരിശോധിക്കുക. പണത്തിന്റെ രേഖകൾ ഹാജരാക്കാനായില്ലെങ്കിൽ തുക പിടിച്ചെടുക്കും. രേഖകൾ ഹാജരാക്കുന്ന പൊതുജനങ്ങൾക്കും വ്യവസായിക ആവശ്യത്തിന് പണം കൈമാറുന്നവർക്കും പരിശോധനകളിൽ ഇളവുനൽകുമെന്നും തമിഴ്നാട് അധികൃതർ പറഞ്ഞു.

ഒരു നിയോജക മണ്ഡലത്തിൽ ഒന്ന് എന്ന ക്രമത്തിൽ 12 പരിശോധക സംഘങ്ങളെ നിയോഗിച്ചു. ജില്ലാതലത്തിൽ മറ്റൊരു സംഘവുമുണ്ട്. പോലീസിനുപുറമെ പ്രത്യേക ഫ്ളൈയിങ് സ്ക്വാഡുകൾ രൂപവത്‌കരിച്ചാണ് പരിശോധന.

അത്യാവശ്യകാര്യങ്ങൾക്കുപോകുന്ന വാഹനങ്ങൾപോലും പരിശോധിക്കുന്നുണ്ട്. പെരുമാറ്റച്ചട്ടം നിലവിൽവന്നശേഷം ആദ്യ നാലുദിവസത്തിനുള്ളിൽ പിടിച്ചെടുത്തത് 3.4 കോടി രൂപയാണ്. വോട്ടർമാരിൽ സ്വാധീനം ചെലുത്താൻ പണം, ഉപഹാരങ്ങൾ എന്നിവയുടെ വാഗ്ദാനം, സൗജന്യ ഭക്ഷണം, മദ്യം എന്നിവ വാഗ്ദാനം ചെയ്യുന്നതും നല്കുന്നതും ക്രിമിനൽ ചട്ടമനുസരിച്ച് കുറ്റകരമാണ്

റിസർവ് ബാങ്ക് നിർദേശം രണ്ടുലക്ഷത്തിൽ താഴെ

റിസർവ് ബാങ്കിന്റെ നിർദേശാനുസരണം ഒരാൾക്ക് കൈവശം വെക്കാവുന്ന തുക രണ്ടുലക്ഷത്തിൽ താഴെയാണ്. എന്നാൽ, തിരഞ്ഞെടുപ്പ് സമയമായതിനാൽ 50,000 രൂപയാണ് കൈവശമുള്ളതെങ്കിൽപോലും അതുമായി ബന്ധപ്പെട്ട രേഖകൾ കൈവശം സൂക്ഷിക്കാൻ ഉടമ ബാധ്യസ്ഥനാണ്. പരിശോധകർ ആവശ്യപ്പെട്ടാൽ രേഖകൾ കാണിക്കുകയും വേണം.

-തിരഞ്ഞെടുപ്പ് വിഭാഗം അധികൃതർ

content highlights: tamilnadu journey, money,election,loksabha election