കോയമ്പത്തൂർ: കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ മാത്രം തീരുന്നതല്ല ഇവിടത്തെ ലോക്‌ഡൗൺ എന്ന് വ്യക്തമാക്കുന്നതാണ് അതിർത്തിപങ്കിടുന്ന തമിഴ്നാട്ടിലെ കണക്കുകൾ.

കേരളവുമായി അതിർത്തി പങ്കിടുന്ന ഒമ്പത് തമിഴ്നാടൻ ജില്ലകളിൽ എട്ടെണ്ണവും ചുവപ്പു മേഖലയിലാണ് (റെഡ് സോൺ). ഒന്ന് ഓറഞ്ചും. കൃഷ്ണഗിരി ജില്ലമാത്രമാണ് തമിഴ്‌നാട്ടിൽ പച്ചമേഖലയിലുള്ളത്.

കേരളത്തിന്റെ കിഴക്കൻ അതിർത്തി മുഴുവൻ ഇനിയും ഏറെനാൾ ജാഗ്രത തുടരേണ്ടിവരുമെന്നുറപ്പ്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകൾ മാത്രമായിരുന്നു ഞായറാഴ്ചവരെ കേരളത്തിൽ ചുവപ്പുമേഖല. ഇടയ്ക്ക് ‘പച്ച’തൊട്ട കോട്ടയവും ഇടുക്കിയും തിങ്കളാഴ്ച ചുവപ്പായി. തമിഴ്‌നാട്ടിൽ 29 ജില്ലകൾ ചുവപ്പുമേഖലയാണ്.

കോയമ്പത്തൂരിൽ മാത്രം 141 കോവിഡ് പോസിറ്റീവ് കേസുകളുണ്ട്. കന്യാകുമാരി(16), തിരുനെൽവേലി (63), തെങ്കാശി(38), വിരുതനഗർ (32), തേനി (43), ദിണ്ടിഗൽ (80), തിരുപ്പൂർ (112), നീലഗിരി (9) ജില്ലകളാണ് അതിർത്തി പങ്കിടുന്ന മറ്റു ജില്ലകൾ. പതിനഞ്ചിലധികം പോസിറ്റീവ് കേസുകൾ ഉണ്ടായതോ നാലുദിവസത്തിനുള്ളിൽ രോഗികൾ ഇരട്ടിക്കുന്നതോ ആയ ജില്ലകളാണ് അവിടെ ചുവപ്പ്് മേഖല. 28 ദിവസത്തിൽ ഒരു രോഗിപോലും ഇല്ലെങ്കിലാണ് പച്ചമേഖല. മേയ് ഒമ്പതുവരെ പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചില്ലെങ്കിൽ നീലഗിരി ജില്ല ‘പച്ച’യാവും. തമിഴ്‌നാട്ടിൽ ഏഴ് ജില്ലകൾ ഓറഞ്ച് സോൺ ആണ്.

തമിഴ്‌നാട്ടിൽ ആകെ ഇതുവരെ 2,058 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 26 സർക്കാർ ആശുപത്രികളിലാണ് രോഗികളെ ചികിത്സിക്കുന്നത്. ഏതാനും സ്വകാര്യ ആശുപത്രികളിലും ചികിത്സയിലുള്ളവരുണ്ട്. 1128 പേരാണ് ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടത്.

Content Highlight: Tamil Nadu borders with eight red zones and one orange