പെരിങ്ങോം: കഥയുടെ കുലപതി ടി.പത്മനാഭന്റെ 91-ാം പിറന്നാൾ പോത്താങ്കണ്ടം ആനന്ദഭവനം ആധ്യാത്മിക സാംസ്കാരികകേന്ദ്രത്തിൽ വിവിധ പരിപാടികളോടെ നടന്നു. സാംസ്കാരികകേന്ദ്രത്തിലെ സ്വാമി കൃഷ്ണാനന്ദഭാരതി അധ്യക്ഷത വഹിച്ചു. പത്മനാഭന്റെ കഥയെഴുത്തിന്റെ 72-ാം വാർഷികം കൂടിയാണ്. ആനന്ദഭവനത്തിൽ 91 ചിരാതുകൾ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവർ തെളിച്ചു. പിന്നീട് ജന്മദിന കേക്ക് മുറിച്ചു.

നടരാജവിഗ്രഹം സ്വാമി കൃഷ്ണാനന്ദ ഭാരതി ടി.പത്മനാഭന് നൽകി. പത്മനാഭന്റെ കഥകൾ എന്നും നന്മയെക്കുറിച്ച്‌ സംസാരിക്കുന്നുവെന്ന്‌ ഡോ. ഇ.ശ്രീധരൻ പറഞ്ഞു. ‘പ്രകാശം പരത്തുന്ന പെൺകുട്ടി’ എന്ന കഥയിൽ മനുഷ്യനിലെ ദൈവികതയെക്കുറിച്ചാണ് വിവരിക്കുന്നത്. ബഷീറിന്റെ ഒരു മനുഷ്യൻ എന്ന കഥയിൽ എടുത്തുപറയുന്ന മനുഷ്യന്റെ ദൈവികമുഖം പത്മനാഭന്റെ കഥകളിൽ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അഡ്വ. ശശി വട്ടക്കൊവ്വൽ, ഡോ. എ.എം.ശ്രീധരൻ, സിനിമാ സംവിധായകൻ അലി അക്ബർ, സംഗീതജ്ഞൻ ഡോ. സജിത്ത്, രഞ്ജിത്ത് സർക്കാർ, ഇല്ലിക്കെട്ട് നമ്പൂതിരി എന്നിവർ സംസാരിച്ചു. വിവിധ മേഖലയിലുള്ള 11 പേരെ ആദരിച്ചു.

ആലപ്പുഴ ഫാക്ടിൽ ജോലിചെയ്യുമ്പോൾ പാൽ തന്നിരുന്ന പീറ്റർ എന്നയാൾ ജന്മദിനം ഓർമിച്ച് ആശംസ അറിയിക്കാൻ വിളിച്ചപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ് -30 വർഷംമുമ്പ് തനിക്ക് പാൽ തന്നിരുന്ന പാൽക്കാരൻ ജന്മദിന ആശംസ അറിയിച്ചതിലെ സന്തോഷം പത്മനാഭൻ പങ്കുവെച്ചു. ആഘോഷഭാഗമായി ഹിന്ദുസ്ഥാനിസംഗീതവും നളചരിതം ഒന്നാംദിവസം കഥകളിയുമുണ്ടായി.

Content Highlights: T. Padmanabhan's birthday celebrated