കണ്ണൂർ: വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരൻ ടി.പത്മനാഭൻ. അവരുടെ ശരീരഭാഷ ദയാദാക്ഷിണ്യമില്ലാത്തതാണെന്നും മനസ്സ് അലിവില്ലാത്തതുമാണെന്ന് അദ്ദേഹം തുറന്നടിച്ചു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സി.പി.എം. നടത്തുന്ന ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി ടി.പത്മനാഭനെ നേതാക്കൾ സന്ദർശിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ടി.പത്മനാഭന്റെ വീട്ടിൽനിന്നായിരുന്നു ഗൃഹസന്ദർശനപരിപാടിയുടെ തുടക്കം.

അടൂരിൽ 87 വയസ്സായ സ്ത്രീയെ അയൽക്കാരിൽ ചിലർ മർദിച്ച സംഭവത്തിൽ പോലീസ് കേസെടുക്കുന്നില്ലെന്ന് പരാതി പറയാൻ വിളിച്ച സ്ത്രീയുടെ ബന്ധുവിനോടുള്ള വനിതാ കമ്മിഷൻ അധ്യക്ഷയുടെ സമീപനമാണ് ടി.പത്മനാഭനെ ചൊടിപ്പിച്ചത്. അവരുടെ പെരുമാറ്റം മാധ്യമങ്ങളിൽ വാർത്തയായിരുന്നു.

സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശിയ ജോ. സെക്രട്ടറി എൻ.സുകന്യ, മുൻ എം.എൽ.എ. എം.പ്രകാശൻ തുടങ്ങിയവരായിരുന്നു പത്മനാഭനെ സന്ദർശിച്ചത്. സർക്കാർ ഒരുപാട് നേട്ടങ്ങൾ ചെയ്തെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം എം.സി.ജോസഫൈനിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് പി.ജയരാജൻ പറഞ്ഞു.

content highlights: t padmanabhan criticises mc josephine