: 1. ഒരു പരിഷ്കൃത സമൂഹത്തിൽ ഒരിക്കലും നടക്കാൻ പാടില്ലാത്ത തരത്തിലാണ് കേരളത്തിന്റെ പലഭാഗത്തും മാലിന്യനിർമാർജനം നടക്കുന്നത്. പ്രതിഷേധം കൊണ്ടൊന്നും ഒരു ഫലവും ഉണ്ടാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഒട്ടേറെ അന്യരാജ്യങ്ങളിൽ സഞ്ചരിക്കാൻ ഇടവന്നിട്ടുള്ള ആളാണ് ഞാൻ. അവിടെയൊന്നും ഇത്തരം കാഴ്ചകൾ കാണാൻ ഇടവന്നിട്ടില്ല. ഈ ദുഃസ്ഥിതിനീക്കി മാലിന്യങ്ങൾ ശാസ്ത്രീയ രീതിയിൽ സംസ്കരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചേ പറ്റൂ.

2. ഇവിടെ വനങ്ങൾ വെട്ടി നശിപ്പിക്കാനുള്ളതാണ്. റിസോർട്ടുകൾ നിർമിക്കാൻ നാം കായലുകൾ മണ്ണിട്ടുനികത്തുന്നു. ഇതൊക്കെ കുറ്റകൃത്യമാണെന്നറിയാതെയല്ല. തടയേണ്ടവർ ആത്മാർഥതയോടെ നടപ്പാക്കുന്നില്ല.

വനങ്ങളുടെ സമീപത്തെ കൃഷിക്കാർ കാട്ടുമൃഗങ്ങളിൽനിന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ് മറ്റൊരു കാര്യം. കാട്ടുമൃഗങ്ങളുടെ ആവാസ വ്യവസ്ഥ കൃഷിയുടെ പേരിൽ മുനുഷ്യൻ നിഷ്കരുണം നശിപ്പിച്ചപ്പോഴല്ലേ ഈ മൃഗങ്ങൾ നാട്ടിലേക്കിറങ്ങിയത്. ഈ ഭൂമി മനുഷ്യന് മാത്രമല്ല എല്ലാ ജന്തുജാലങ്ങൾക്കും അവകാശപ്പെട്ടതാണ്.

3. ഭരണം സത്യസന്ധമായാൽ മാത്രം പോരാ, അത് സുതാര്യമായിരിക്കണം. മേലെ തട്ടിലുള്ളവർക്ക് സാധാരണക്കാരിൽനിന്ന്‌ ഒളിച്ചു വെക്കാൻ ഒന്നും ഉണ്ടാവരുത്.

4. ധൂർത്തും ആഡംബരവും പൂർണമായും ഒഴിവാക്കി ലളിതവും വിനയാന്വിതവുമായ ജീവിതംകൊണ്ട് മന്ത്രിമാരും താക്കോൽ സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരും മറ്റുള്ളവർക്ക് മാതൃകയാവണം.

5. കേരളത്തിൽ ഗവ.ഫണ്ടിങ്ങിൽ നടന്നുപോകുന്ന ധാരാളം സാംസ്കാരിക സ്ഥാപനങ്ങളുണ്ട്. അവ ഇത്രയധികം വേണോ? ഈ സ്ഥാപനങ്ങൾ ഒരിക്കലും രാഷ്ട്രീയ ഭിക്ഷാംദേഹികളുടെയും ഭാഗ്യാന്വേഷികളുടെയും അഭയസ്ഥാനമായി മാറാൻ അനുവദിക്കരുത്.