പാലക്കാട്: തിരുനെല്ലായി 678004 എന്ന ബോർഡുമായി തുറന്നിരുന്ന പോസ്റ്റോഫീസിന്റെ ചുവരിനോടുചേർന്ന് ഗ്രാമസമൂഹമഠത്തിന്റെ മുൻവശത്ത് തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ വിളക്കുതെളിഞ്ഞു. അതിനുമുന്നിൽ തിരുനെല്ലായി നാരായണ അയ്യർ ശേഷന്റെ ഛായാചിത്രം വെച്ചിരുന്നു.
പേരിനൊപ്പമുള്ള സ്ഥലപ്പേരിനെ ജനാധിപത്യമുള്ളേടത്തെല്ലാം പ്രശസ്തമാക്കിയ ആ ഓർമകൾക്കുമുന്നിൽ അഗ്രഹാരവാസികൾ ഒരുനിമിഷം നമ്രശിരസ്കരായി. വി.കെ. ശ്രീകണ്ഠൻ എം.പി.യുൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും എത്തിയപ്പോൾ തൊട്ടപ്പുറത്തെ വീടിന്റെ മുറ്റത്ത് ഒരു അനുശോചനയോഗം. തിരുനെല്ലായിക്കാരനെന്നതിൽ അഭിമാനിച്ചിരുന്ന ടി.എൻ. ശേഷനെക്കുറിച്ചുള്ള ഓർമകൾ അഗ്രഹാരത്തിൽ നിറഞ്ഞു.
1991-ൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണറായി ചുമതലയേറ്റപ്പോൾ ശേഷന് തിരുനെല്ലായി സ്വീകരണം നൽകിയിരുന്നു. അന്നാണ് അദ്ദേഹം അവസാനമായി ഗ്രാമത്തിലെത്തിയത്. കുട്ടിയായിരുന്നപ്പോൾ കുറച്ചുകാലം താമസിച്ച വീടിനുമുന്നിലൂടെ കടന്നുപോയി. തൊട്ടപ്പുറത്ത് താമസിച്ചിരുന്ന അച്ഛന്റെ സഹോദരി ശേഷാംബാളുടെ വീട്ടിലും കയറിയിരുന്നു -ശേഷന്റെ അടുത്തബന്ധുകൂടിയായ ടി.എസ്. നാരായണസ്വാമി ഓർത്തു. നാരായണസ്വാമിയുടെ മുത്തച്ഛൻ ശേഷയ്യരും ടി.എൻ. ശേഷന്റെ മുത്തച്ഛൻ ലക്ഷ്മീനാരായണനും സഹോദരരായിരുന്നു. ബി.ഇ.എം. സ്കൂളിൽ പഠിക്കുമ്പോൾ പാലക്കാട് ഇംഗ്ലീഷ് ചർച്ച് റോഡിലെ മാധവരാജാ ക്ലബ്ബിനടുത്ത ബംഗ്ലാവിലായിരുന്നു താമസം. അമ്മ സീതാലക്ഷ്മി ശേഖരീപുരം അഗ്രഹാരത്തിൽനിന്നാണ്. അമ്മയുടെ അച്ഛൻ ശേഷാ ശാസ്ത്രികളുടെ പേരാണ് ടി.എൻ. ശേഷന്.
1999-ൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ശേഷനുവേണ്ടി തിരുനെല്ലായി അമ്പലത്തിൽ പ്രത്യേകപൂജ നടത്തിയിരുന്നതായി ചടങ്ങിൽ സംസാരിച്ച യു.ഡി.എഫ്. ജില്ലാ ചെയർമാൻ എ. രാമസ്വാമി ഓർത്തു. ഗ്രാമസമൂഹം പ്രസിഡന്റ് ടി.എസ്. ഗോവിന്ദൻ, പാലക്കാട് നഗരസഭ സ്ഥിരംസമിതി അധ്യക്ഷ എൻ. സുഭദ്ര, ടി.എൻ. വീരരാഘവൻ, ഗ്രാമപുരോഹിതൻ ടി.എ. രാമസ്വാമി, ടി.ആർ. ഹരിഹരൻ, ഡി.സി.സി. സെക്രട്ടറി സി. ബാലൻ തുടങ്ങിയവരും സംസാരിച്ചു.
തിരുനെല്ലായിയിൽ സ്മാരകം
തിരുനെല്ലായിയിൽ ശേഷന്റെ സ്മരണകൾ നിലനിർത്തുന്ന വിധത്തിൽ സാംസ്കാരികനിലയം നിർമിക്കും. ഗ്രാമസമൂഹം സ്ഥലം നൽകാമെന്നേറ്റിട്ടുണ്ടെന്നും എം.പി. ഫണ്ടിൽനിന്ന് തുക അനുവദിച്ച് സ്മാരകം യാഥാർഥ്യമാക്കുമെന്നും വി.കെ. ശ്രീകണ്ഠൻ എം.പി. പറഞ്ഞു.