കൊച്ചി: തൃപ്പൂണിത്തുറയിൽ എം. സ്വരാജിന്റെ പരാജയത്തിന് സി.പി.ഐ.യുടെ കാലുവാരലും കാരണമായെന്ന് സി.പി.എം.

നേരിയ വോട്ടിനാണ് തൃപ്പൂണിത്തുറ ഇടതുമുന്നണിക്ക് നഷ്ടമായത്. തൃപ്പൂണിത്തുറയിൽ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ പരിശോധിച്ച് തെറ്റുതിരുത്തൽ നടപടിയിലേക്കു പോയ സി.പി.എം. അവിടെ സി.പി.ഐ.യുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്ക്കും നടപടി വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. ജില്ലാ കമ്മിറ്റി യോഗത്തിൽ ഇടതുമുന്നണി കൺവീനർ കൂടിയായ പാർട്ടി ആക്ടിങ് സെക്രട്ടറി എ. വിജയരാഘവനു മുന്നിലാണ് സി.പി.എം. നേതാക്കൾ പരാതി ഉന്നയിച്ചത്.

കാലങ്ങളായി സി.പി.എം.-സി.പി.ഐ. തർക്കം നിലനിൽക്കുന്ന ഉദയംപേരൂരിൽനിന്ന് വോട്ട്‌ ചോർച്ചയുണ്ടാവുമെന്ന് സി.പി.എം. നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. സ്ഥാനാർത്ഥി എം. സ്വരാജിനോട് സി.പി.ഐ.ക്കുള്ള വിരോധവും പ്രവർത്തനങ്ങളിൽ ബാധിച്ചേക്കുമെന്ന ആശങ്കയും സി.പി.എമ്മിനുണ്ടായിരുന്നു. കുറഞ്ഞ വോട്ടിൽ പരാജയം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അവലോകനങ്ങളിൽ സി.പി.ഐ.യുടെ പങ്കും പ്രധാന വിഷയമായി ഉയർന്നുവന്നിരിക്കുന്നത്. ഉദയം പേരൂരിലെ അഞ്ച്‌ ബൂത്തുകളിൽ ആവശ്യത്തിന് വോട്ട് വീണില്ലെന്നാണ് സി.പി.എം. കണ്ടെത്തിയിരിക്കുന്നത്.

ഇക്കാര്യത്തിൽ ഇടതുമുന്നണി സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യമാണ് സി.പി.എം. നേതാക്കൾ ചർച്ചയിൽ ഉന്നയിച്ചത്. മുന്നണി തലത്തിൽ വിഷയം ഉന്നയിക്കാമെന്ന് വിജയരാഘവൻ നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.

എന്നാൽ, തങ്ങളുടെ അവലോകനത്തിൽ ഇത്തരം കാര്യങ്ങൾ വന്നിട്ടില്ലെന്നാണ് സി.പി.ഐ. പറയുന്നത്. എം. സ്വരാജ് ജയിച്ച തിരഞ്ഞെടുപ്പിൽ അഞ്ഞൂറിൽ താഴെ വോട്ട് ഉദയംപേരൂരിൽ കൂടുതലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എണ്ണൂറോളം വോട്ടിന് പിന്നിൽ പോയി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ. ബാബുവിനോട് ഹൈന്ദവ സമുദായത്തിനു വന്ന ആഭിമുഖ്യവും സ്ഥാനാർത്ഥിയെന്ന നിലയിൽ എം. സ്വരാജിനോട് നാട്ടുകാർക്കുണ്ടായ അതൃപ്തിയുമാണ് വോട്ട്‌ കുറയാനുള്ള കാരണമായി സി.പി.ഐ. ചൂണ്ടിക്കാട്ടുന്നത്.